’10 പവൻ കൂടി വേണം, മകന് ബൈക്കും’; യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവും അമ്മയും ഉൾപ്പെടെ 4 പേർക്ക് ജീവപര്യന്തം

ചെന്നൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത യുവതിയുടെ ഭർത്താവും അമ്മയും ഉൾപ്പെടെ നാലു പേർക്ക്  ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. അരിയല്ലൂർ മഹിളാ കോടതിയുടേതാണ് വിധി. അരിയല്ലൂരിലെ ഗ്രാമത്തിലെ രാജേന്ദ്രന്റെയും ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനം താങ്ങാനാവാതെ ജീവനൊടുക്കിയത്. നകവല്ലിയുടെ ഭർത്താവ് കാരൈക്കുടി സ്വദേശി സെന്തിൽ കുമാരവേൽ, ഇയാളുടെ അമ്മ കലാവതിയുമടക്കം നാല് പേർക്കാണ് ശിക്ഷ. 

കനകവല്ലിയും സെന്തിൽ കുമാരവേലും 2018-ലാണ് വിവാഹിതരായത്. 25 പവൻ ആഭരണമാണ് അന്ന് കനകവല്ലിയുടെ കുടുംബം സ്ത്രീധനമായി സെന്തിലിന് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പ് സ്ത്രീധനത്തെ ചൊല്ലി ഭർതൃ വീട്ടിൽ നിന്നും കനകവല്ലിക്ക് പീഡനമേറ്റ് തുടങ്ങി. പത്തു പവൻ സ്വർണവും മകന് ഇരുചക്ര വാഹനവും ആവശ്യപ്പെട്ട്  സെന്തിൽ കുമാരവേലിന്റെ അമ്മ കനകവല്ലിയെ നിരന്തരം സമ്മർദ്ദം ചെലുത്തി.

എന്നാൽ  കനകവല്ലിയുടെ മാതാപിതാക്കൾക്ക് ഇത്രയും സ്വർണവും ബൈക്കും വാങ്ങി നൽകാൻ സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ കനകവല്ലി ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുടുംബം ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും ഭർത്താവും ഇടപെട്ടില്ല. അതിനിടയിൽ കനകവല്ലിയുടെ അച്ഛൻ ഹൃദയാഘാതംമൂലം മരിച്ചു. ഇതിന് പിന്നാലെയാണ് കനകവല്ലി ജീവനൊടുക്കിയത്. തുടർന്ന് കനകവല്ലിയുടെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ഭർത്താവ് സെന്തിലിനേയും അമ്മ കലാവതിയുമടക്കം 4 പേർക്കെതിരെ കേസെടുക്കുകയായിരുന്നു.

Read More : സഹീമിന്‍റെ ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍, ഇൻസ്റ്റയിൽ കെണിയൊരുക്കിയത് ഇങ്ങനെ; പരാതി പ്രവാഹം 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

By admin