ഹൗസ്‍ഫുള്‍ ഷോകളുടെ എണ്ണത്തില്‍ ഞെട്ടിച്ച് കര്‍ണാടക; ‘എമ്പുരാന്‍’ ഇതുവരെ നേടിയത്

സമീപകാല മലയാള സിനിമയില്‍ ഒരു ചിത്രത്തിനും എമ്പുരാനോളം പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിട്ടില്ല. ചിത്രം നേടിയെടുത്തിരിക്കുന്ന ഹൈപ്പ് എത്രത്തോളമെന്ന് നേരത്തെ വിദേശ മാര്‍ക്കറ്റുകളിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോഴേ വെളിപ്പെട്ടതാണെങ്കിലും അത് സംശയലേശമന്യെ സ്ഥാപിക്കപ്പെട്ടത് ഇന്നലെ ഇന്ത്യന്‍ ബുക്കിംഗ് ആരംഭിച്ചതോടെയാണ്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ പല റെക്കോര്‍ഡുകളും സ്വന്തമാക്കിക്കൊണ്ടാണ് ചിത്രം ബോക്സ് ഓഫീസ് സഞ്ചാരം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അയല്‍ സംസ്ഥാനത്തു നിന്നുള്ള കളക്ഷന്‍ കണക്കുകളും മോളിവുഡ് വ്യവസായത്തെ ആവേശം കൊള്ളിക്കുകയാണ്.

കര്‍ണാടകത്തില്‍ നിന്നുള്ള കണക്കുകളാണ് അത്. കെജിഎഫും സലാറും അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച, കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് എമ്പുരാന്‍റെ കര്‍ണാടകത്തിലെ വിതരണം. അവര്‍ ഇന്ന് രാവിലെ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് എമ്പുരാന് കര്‍ണാടകത്തില്‍ ലഭിച്ചിരിക്കുന്നത് 198 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകളാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിലെ സ്ഥിതിയാണ് ഇത്. ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് പുറത്തുവിട്ട കണക്കനുസരിച്ച് എമ്പുരാന്‍ പ്രീ സെയിലിലൂടെ എമ്പുരാന്‍ കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയിലേറെ ഇതിനകം നേടിക്കഴിഞ്ഞു. 

ഒരു മലയാള ചിത്രത്തിന്‍റെ കര്‍ണാടകത്തിലെ റെക്കോര്‍ഡ് ഓപണിംഗ് പ്രീ സെയിലിലൂടെത്തന്നെ എമ്പുരാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതത്തെ പിന്നിലാക്കിക്കൊണ്ടാണ് ആ നേട്ടം എന്നതാണ് മറ്റൊരു കൗതുകം. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളവയില്‍ ഏറ്റവും വലിയ ചിത്രവും ഇത് തന്നെ. മോഹന്‍ലാലിനൊപ്പം വന്‍ താരനിരയാണ് അണിനിരക്കുന്നത്. ലൂസിഫറില്‍ ഉള്ളവരും ഇല്ലാത്തവരും എമ്പുരാനില്‍ ഉണ്ടാവും. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; ‘കരുതൽ’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin