ഹീറോ എക്സ്പൾസ് 210, എക്സ്ട്രീം 250R ബുക്കിംഗ് ആരംഭിച്ചു!

ഹീറോ മോട്ടോകോർപ്പ് എക്സ്പൾസ് 210, എക്സ്ട്രീം 250R എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ നൽകി ബൈക്ക് ബുക്ക് ചെയ്യാം. 2025 ലെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഈ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയത്. ഇവ ആദ്യമായി EICMA 2024 ൽ അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെ രണ്ട് മോട്ടോർസൈക്കിളുകളുടെയും ഡെലിവറി പ്രതീക്ഷിക്കുന്നു.

1.75 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ഹീറോ എക്സ്പൾസ് 210 അവതരിപ്പിച്ചത്. ഇത് ഹീറോ എക്സ്പൾസ് 200 4V യെക്കാൾ ഏകദേശം 24,000 രൂപ കൂടുതലാണ്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ബേസ് മോഡലും പ്രീമിയം പതിപ്പും ഉൾപ്പെടെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. പ്രീമിയം വേരിയന്റിന് 1.86 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇതിനുപുറമെ, എക്സ്ട്രീം 250R 1.80 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.

ആറ് സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന 210 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എക്സ്പൾസ് 210 ന് കരുത്ത് പകരുന്നത്. അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയും ഇതിലുണ്ട്. ഈ എഞ്ചിന് പരമാവധി 24.6 bhp കരുത്തും 20.7 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. പ്രതീക്ഷിച്ചതുപോലെ, പുതിയ എക്സ്പൾസ് 210, എക്സ്പൾസ് 200 4V യേക്കാൾ ശക്തമാണ്. ഹീറോ എക്സ്ട്രീം 250R, OEM-ന്റെ പുതിയ 250 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്ററാണ്. 29.58 bhp കരുത്തും 25 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 250 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

ഇന്ത്യയിലെ നിരത്തിലുള്ള ഒരേയൊരു ഡ്യുവൽ-സ്‌പോർട്‌സ് മോട്ടോർസൈക്കിളായ കാവസാക്കി KLX 230 പോലുള്ള എതിരാളികളോടായിരിക്കും എക്സ്പൾസ് 210 മത്സരിക്കുക. അതേസമയം, കീവേ K300 SF, ബജാജ് ഡൊമിനാർ 250, ബജാജ് പൾസർ NS400Z, സുസുക്കി ജിക്സർ 250, ഹോണ്ട CB300F തുടങ്ങിയ ബൈക്കുകളുമായി എക്സ്ട്രീം 250R മത്സരിക്കും. പ്രീമിയം ഡീലർഷിപ്പുകളുടെ ശൃംഖലയായ ഹീറോ പ്രീമിയ സ്റ്റോറുകളിൽ നിന്ന് എക്സ്പൾസ് 210 ഉം എക്സ്‍ട്രീം 250R ഉം വാങ്ങാൻ ലഭ്യമാണ്.

എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നാവിഗേഷനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി പോർട്ട് തുടങ്ങിയ സവിശേഷതകളോടെയാണ് എക്സ്ട്രീം 250R വരുന്നത്. എക്സ്പൾസ് 210 ന് പൂർണ്ണ എൽഇഡി ലൈറ്റിംഗ്, ടെയിൽ റാക്ക്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി പോർട്ട് എന്നിവയും ലഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് ഒരു ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അല്ലെങ്കിൽ ഒരു എൽസിഡി യൂണിറ്റ് ഉണ്ട്. നാവിഗേഷനോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്. ആൽപൈൻ സിൽവർ, വൈൽഡ് റെഡ്, അസൂർ ബ്ലൂ, ഗ്ലേസിയർ വൈറ്റ് എന്നീ നാല് നിറങ്ങളിലാണ് എക്സ്പൾസ് 210 ലഭ്യമാകുന്നത്. ഫയർസ്റ്റോം റെഡ്, സ്റ്റെൽത്ത് ബ്ലാക്ക്, നിയോൺ ഷൂട്ടിംഗ് സ്റ്റാർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ എക്സ്ട്രീം 250R ലഭ്യമാണ്.

By admin