ഹീറോയുടെ പുതിയ നീക്കം, ത്രീവീലർ നിർമ്മാണത്തിലേക്കും കടക്കുന്നു, യൂളർ മോട്ടോഴ്‌സിൽ ഓഹരി

റ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കളായ യൂളർ മോട്ടോഴ്‌സിൽ 32.5 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി റെഗുലേറ്ററി ഫയലിംഗിൽ പ്രഖ്യാപിച്ചു. ഇലക്ട്രിക് ത്രീ-വീലർ, ഫോർ വീലർ വിഭാഗത്തിലെ മുൻനിര കമ്പനിയായ യൂളർ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ 525 കോടി രൂപയുടെ നിക്ഷേപമാണ് ഹീറോ പ്രഖ്യാപിച്ചത്. ഹീറോ മോട്ടോകോർപ്പിന്റെ കണക്കനുസരിച്ച്, സമീപഭാവിയിൽ മൊത്തം വിൽപ്പനയുടെ 35% ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിക്ഷേപത്തോടെ ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക് ത്രീ-വീലർ വിഭാഗത്തിലേക്കും പ്രവേശിക്കാൻ പോകുന്നു.

ഒന്നോ അതിലധികമോ ഘട്ടങ്ങളിലായാണ് നിക്ഷേപം നടത്തുക. വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പിന് ഒരു സ്ഥാനം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് കമ്പനി വ്യാഴാഴ്ച എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. തുടക്കത്തിൽ, കമ്പനി യൂളർ മോട്ടോഴ്‌സിന്റെ 32.5% ഓഹരി വാങ്ങും. 2025 ഏപ്രിൽ 30-നകം ഇടപാടുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

വളരെക്കാലമായി ഇലക്ട്രിക് ത്രീ, ഫോർ വീലർ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുനന കമ്പനിയാണ് യൂളർ മോട്ടോഴ്‌സ്. പ്രത്യേകിച്ച് വാണിജ്യ ഇലക്ട്രിക് വാഹന വിഭാഗത്തിൽ കമ്പനി വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ത്യയിലെ 30ൽ അധികം നഗരങ്ങളിൽ സാന്നിധ്യമുള്ള യൂളർ ശക്തമായ വളർച്ച രേഖപ്പെടുത്തി. 2024 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തോടെ 172 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 2023 ൽ ഇത് 49 കോടി രൂപയും 2022 ൽ 25 കോടി രൂപയും ആയിരുന്നു. 

യൂളർ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാണിജ്യ ഫോർ വീലർ പുറത്തിറക്കിക്കൊണ്ട് തങ്ങളുടെ വാഹനനിര വിപുലീകരിച്ചു. ഈ കമ്പനി ഇതിനകം തന്നെ ഇലക്ട്രിക് ത്രീ-വീലർ വിഭാഗത്തിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു. അതിവേഗം വളരുന്ന ഇലക്ട്രിക് ത്രീ-വീലർ വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പിന്റെ പിടി ശക്തിപ്പെടുത്താനും ഈ ഏറ്റെടുക്കൽ സഹായിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ആതർ എനർജിയിലും ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള  കമ്പനിയായ ഹീറോയുടെ രണ്ടാമത്തെ പ്രധാന ഏറ്റെടുക്കലാണിത്.

By admin