ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണം, കർണാടക നിയമസഭയിൽ പ്രതിഷേധം, 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
ബെംഗളൂരു: ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ കർണാടകയിൽ സസ്പെൻഡ് ചെയ്തു. സ്പീക്കർക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ 18 എംഎൽഎമാർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ബഡ്ജറ്റ് ചർച്ചയുടെ അവസാനമാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്.
സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎൽഎമാർ പേപ്പറുകൾ കീറിയെറിഞ്ഞതിന് പിന്നാലെ സ്പീക്കർ യു റ്റി ഖാദർ നടപടികൾ 10 മിനിറ്റ് സമയത്തേക്ക് നിർത്തിവയ്ക്കുകയും പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് നീക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ വിശദമാക്കിയത്. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും രാജണ്ണ ആരോപിച്ചിരുന്നു.
ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി. കർണാടക ഹണി ട്രാപ്പ് ‘സിഡികളുടെയും പെൻ ഡ്രൈവുകളുടെയും ഫാക്ടറി’ ആയെന്നും രാജണ്ണ പറഞ്ഞു.ഇതിന്‍റെ ക്കെ നിർമാതാക്കളും സംവിധായകരും ആരെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇതിന് ഒരു ദിവസത്തിന് ശേഷമാണ് കർണാടക നിയമസഭയിൽ പ്രതിഷേധം രൂക്ഷമായത്. വെള്ളിയാഴ്ച സഭ ആരംഭിച്ചതിന് പിന്നാലെ തന്നെ ബിജെപി എംഎൽഎമാർ രാജണ്ണയ്ക്കെതിരായ ആരോപണങ്ങൾ സഭയിൽ ഉയർത്തി. സംഭവത്തിൽ ബിജെപി എംഎൽഎ വി സുനിൽകുമാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉന്നതതല അന്വേഷണം നടത്താമെന്നാണ് മുഖ്യമന്ത്രി വിശദമാക്കിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു നിയമസഭയിൽ ബിജെപി എംഎൽഎമാർ പ്രതിഷേധിച്ചതും നടപടി നേരിട്ടതും. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എംഎൽഎമാരുടെ നടപടി അപലപനീയമെന്ന വിലയിരുത്തലോടെയാണ് സ്പീക്കറുടെ നടപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം