സുനിത വില്യംസിന് ഓവർടൈം ശമ്പളം ലഭിക്കുമോ? ട്രംപിന്റെ മറുപടി ഇങ്ങനെ!
വാഷിംഗ്ടൺ: എട്ട് ദിവസത്തെ ഐഎസ്‌എസ് (ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ) ദൗത്യത്തിന് പോയ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ബഹിരാകാശത്ത് 278 ദിവസം അധികം ചെലവഴിച്ചിട്ടും, നാസയിൽ നിന്ന് ബഹിരാകാശ യാത്രികർക്ക് ഓവർടൈം ശമ്പളം ലഭിക്കില്ല. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ഓഫർ നൽകിയിരിക്കുകയാണ്. നാസ ബഹിരാകാശയാത്രികരുടെ അധിക സമയത്തെക്കുറിച്ചും, ശമ്പളത്തെ കുറിച്ചും ചോദിച്ചപ്പോൾ “ആരും എന്നോട് ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല, അങ്ങനെ ഉണ്ടെങ്കിൽ, ഞാൻ എന്റെ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വാണിജ്യ ജോലികളിൽ നിന്ന് വ്യത്യസ്തമായി, നാസയിലെ ബഹിരാകാശയാത്രികർ ഫെഡറൽ ജീവനക്കാരാണ് – അതായത് മറ്റ് സർക്കാർ ജീവനക്കാരുടേതിന് സമാനമായ ഗ്രേഡ് അനുസരിച്ചുള്ള സ്റ്റാൻഡേർഡ് ശമ്പളമാണ് അവർക്കും ലഭിക്കുന്നത്. പൊതു ഷെഡ്യൂൾ പ്രകാരം, ഓവർടൈം ജോലി, വാരാന്ത്യങ്ങൾ അല്ലെങ്കിൽ അവധി ദിവസങ്ങൾ ഉൾപ്പെടെയുള്ള ദീർഘദൂര ദൗത്യങ്ങൾക്ക് അവർക്ക് അധിക ശമ്പളം ലഭിക്കുന്നില്ല. ബഹിരാകാശ യാത്രയും സർക്കാർ ജീവനക്കാരെപ്പോലെ ഔദ്യോഗിക യാത്രയായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, ബഹിരാകാശ യാത്രികരുടെ യാത്ര, താമസം, ഭക്ഷണം എന്നിവ നാസ വഹിക്കും.
ചെറിയ ദൈനംദിന ചെലവുകൾക്ക് അവർ അധിക ഇൻസന്റീവും നൽകും. സുനിതയും വിൽമോറും മൊത്തം 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. അതിനാൽ അവർക്ക് ഓരോരുത്തർക്കും 1,430 ഡോളര്‍ (രൂപ 1,22,980) ആണ് അധികമായി ലഭിക്കുക. സുനിത വില്യംസും ബുച്ച് വിൽമോറും യുഎസിലെ ജനറൽ പേ ഷെഡ്യൂളിലെ ഏറ്റവും ഉയർന്ന റാങ്കായ GS-15-ൽ ഉൾപ്പെടുന്നു. GS-15 സർക്കാർ ജീവനക്കാർക്ക് അവരുടെ ജനറൽ ഷെഡ്യൂൾ ഘട്ടത്തെ ആശ്രയിച്ച് 1,25,133 ഡോളർ മുതൽ 1,62,672 ഡോളർ വരെ (ഏകദേശം 1.08 കോടി രൂപ മുതൽ 1.41 കോടി രൂപ വരെ) അടിസ്ഥാന ശമ്പളവും ലഭിക്കും. അവര്‍ക്ക് കിട്ടുന്ന അധിക സാലറിയെ കുറിച്ച് ചോദിച്ചപ്പോൾ, അത്രയേ ഉള്ളോ അവര്‍ കടന്നുപോയ കാര്യങ്ങൾ നോക്കുമ്പോൾ, അത് വലിയ കാര്യമല്ലെന്നും, വേണ്ടിവന്നാൽ അവര്‍ക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്നും ട്രംപ് പറഞ്ഞു. ഇരുവരെയും തിരിച്ചെത്തിക്കാൻ സഹായം നൽകിയ എലോൺ മസ്കിനും ട്രംപ് നന്ദി പറഞ്ഞു.
അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാൻ ട്രംപ്; എക്സിക്യുട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു