സഹീമിന്‍റെ ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍, ഇൻസ്റ്റയിൽ കെണിയൊരുക്കിയത് ഇങ്ങനെ; പരാതി പ്രവാഹം

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകള്‍ അയപ്പിക്കുകയും ചെയ്ത സംഭവത്തില്‍ തലശ്ശേരി സ്വദേശി പിടിയില്‍. ടെമ്പിള്‍ഗേറ്റ് സ്വദേശി ഷഹസാന്‍ ഹൗസില്‍ മുഹമ്മദ് സഹി(31)മിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ കൈക്കലാക്കി അവരുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി മറ്റ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി. 

ഇങ്ങനെ ബന്ധം സ്ഥാപിക്കുന്നവര്‍ക്ക് പിന്നീട് ഏതാനും ടാസ്‌കുകള്‍ നല്‍കി ഭീഷണിപ്പെടുത്തുകയും വീഡിയോ കോള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇവരുടെ അശ്ലീല ദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്യും. ഇയാള്‍ പെയ്ഡ് ആപ്ലിക്കേഷന്‍ വഴി നിശ്ചിത സമയത്തേക്ക് വാട്ട്സ്ആപ്പ് നമ്പറുകള്‍ കരസ്ഥമാക്കിയാണ് കുറ്റകൃത്യം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരേ സമയം നിരവധി അക്കൗണ്ടുകളില്‍ നിന്നാണ് ഇയാൾ പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. 

നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പരാതികളാണ് മുഹമ്മദ് സഹീമിനെതിരെ പൊലീസിന് ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സഹിം പിടിയിലായത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Read More : ആദ്യം ഭർത്താവിനെ പിടികൂടി, കിട്ടിയത് 10 ഗ്രാം കഞ്ചാവ്, വടകരയിൽ വീട്ടിലെത്തിയപ്പോൾ ഭാര്യയും കഞ്ചാവുമായി പിടിയിൽ

By admin