സഞ്ജുവോ കോലിയോ അല്ല, ഐപിഎൽ റണ്‍വേട്ടയില്‍ മുന്നിലെത്തുക അപ്രതീക്ഷിത താരം; പ്രവചനവുമായി വസീം ജാഫര്‍

മുംബൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകാനാരിക്കെ സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം വസീം ജാഫര്‍. ശുഭ്മാന്‍ ഗില്ലോ റിഷഭ് പന്തോ ഒന്നും ആയിരിക്കില്ലെന്നും അത് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശനായിരിക്കുമെന്നും വസീം ജാഫര്‍ പറഞ്ഞു.  

പഞ്ചാബ് കിംഗ്സ് താരം അര്‍ഷ്ദീപ് സിംഗായിരിക്കും ഇത്തവണ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുകയെന്നും വസീം ജാഫര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും ഐപിഎല്ലിലെ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കിയത് ഇന്ത്യൻ താരങ്ങളായിരുന്നു. കഴിഞ്ഞ സീസണില്‍ വിരാട് കോലിയും ഹര്‍ഷല്‍ പട്ടേലുമായിരുന്നു യഥാക്രമം ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കിയത്. 2023ലാകട്ടെ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിയുമായിരുന്നു റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിലെത്തിയത്.

എന്നാല്‍ 2022ല്‍ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കിയത് രണ്ട് വിദേശതാരങ്ങളായിരുന്നു. റണ്‍വേട്ടയില്‍ രാജസ്ഥാന്‍ റോയൽസ് താരമായിരുന്ന ജോസ് ബട്‌ലറും വിക്കറ്റ് വേട്ടില്‍ കാഗിസോ റബാഡയുമായിരുന്നു മുന്നിലെത്തിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടോപ് ഓര്‍ഡറില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന സായ് സുദര്‍ശന്‍ ഇത്തവണ മൂന്നാം നമ്പറിലാകും ഗുജറാത്തിനായി ഇറങ്ങുക. രാജസ്ഥാനില്‍ നിന്ന് ഗുജറാത്തിലെത്തിയ ജോസ് ബട്‌ലറാകും ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇത്തവണ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് കരുതുന്നത്.

ഐപിഎല്‍ കിരീടനേട്ടത്തില്‍ ചെന്നൈയും മുംബൈയും ഒപ്പത്തിനൊപ്പം, റണ്‍വേട്ടയില്‍ കിംഗ് ആയി വിരാട് കോലി

ഡിസംബറില്‍ ഹെര്‍ണയ ശസ്ത്രക്രിയക്ക് വിധേയനായ സുദര്‍ശര്‍ അതിനുശേഷം ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ വിദര്‍ഭക്കെതിരെയായിരുന്നു സുദര്‍ശന്‍ ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ രണ്ടിന്നിംഗ്സിലുമായി ഒമ്പത് റൺസ് മാത്രം നേടാനെ സുദര്‍ശനായിരുന്നുള്ളു. ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന അര്‍ഷ്ദീപ് സിംഗിനാകട്ടെ ഒരു  മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin