വീട് എത്ര ചെറുതാണെങ്കിലും പ്രശ്നമില്ല; സ്ഥലം ഇരട്ടിയാക്കാൻ ഈ 5 കാര്യങ്ങൾ മതി  

വീട് എത്ര ചെറുതാണെങ്കിലും ഭംഗിയായി ക്രമീകരിച്ച് വീടിന്റെ ഓരോ മൂലകളും പ്രയോജനപ്പെടുത്തിയാൽ കൂടുതൽ സ്ഥലമുള്ളതായി തോന്നിക്കും. ഓരോ വസ്തുക്കൾ എടുക്കുമ്പോഴും ഉപയോഗ ശേഷം അതാത് സ്ഥലങ്ങളിൽ തന്നെ സൂക്ഷിച്ചാൽ സാധനങ്ങൾ വാരിവലിച്ച് കിടക്കുന്ന രീതി ഒഴിവാക്കാൻ സാധിക്കും. വീടിനുള്ളിലെ ഓരോ ഇടങ്ങളും ഒഴിവാക്കാതെ കൃത്യമായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ അതാണ് കൂടുതൽ നല്ലത്. ചെറിയ വീടുകളിൽ സ്ഥലം ഇരട്ടിയാക്കാൻ ഈ 5 വഴികൾ പരീക്ഷിച്ച് നോക്കിയാലോ. അവ എന്തൊക്കെയെന്ന് അറിയാം. 

സ്ഥലങ്ങൾ ഒഴിച്ചിടരുത് 

വലിയ വസ്തുക്കളെക്കാളും അധികവും വീടുകളിൽ ഉള്ളത് ചെറിയ സാധനങ്ങളാണ്. ചെറിയ വസ്തുക്കൾ കൂടുമ്പോൾ അവ സൂക്ഷിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് വീടിനുള്ളിൽ തന്നെ അവിടെയും ഇവിടെയുമായി വാരിവലിച്ച നിലയിലായിരിക്കും കിടക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വീടിന്റെ ഓരോ ഇടങ്ങളും കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ്. എങ്ങനെയെന്നല്ലേ, നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ഇടങ്ങളുണ്ടാകും വീടുകളിൽ. വാതിലിന് പിന്നിൽ ഹാങ്ങറുകൾ സ്ഥാപിച്ചാൽ മാറ്റിയിടുന്ന വസ്ത്രങ്ങൾ അതിൽ കൊളുത്തിയിടാം. കിടക്കയുടെ അടിഭാഗത്തുള്ള ഡ്രോയറുകളിലും ചെറിയ സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ ഒഴിഞ്ഞു കിടക്കുന്ന മൂലകളിൽ ചെറിയ ടേബിളുകളും ഇടാവുന്നതാണ്. 

ആവശ്യമില്ലാത്ത സാധനങ്ങൾ ഉപേക്ഷിക്കാം 

ഉപയോഗം കഴിഞ്ഞ വസ്തുക്കൾ സൂക്ഷിക്കാതെ അവ എത്രയും പെട്ടെന്ന് ഒഴിവാക്കാം. പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ പഴയത് മാറ്റിയില്ലെങ്കിൽ അവ സൂക്ഷിക്കാൻ അധിക സ്ഥലം ആവശ്യമായി വരുന്നു. ഇത് കാഴ്ചയിൽ സാധനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നത് പോലെ തോന്നിക്കുകയും ഒടുവിൽ സ്ഥലം തികയാതെയായും വരുന്ന അവസ്ഥ ഉണ്ടാക്കും. എത്ര ചെറിയ വീടാണെങ്കിലും ശരിയായ രീതിയിൽ ക്രമീകരിച്ചാൽ വീട് നല്ല ഭംഗിയിൽ ചിട്ടയോടിരിക്കും. 

ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങാം 

കിട്ടുന്നതെന്തും വാങ്ങിക്കൂട്ടാതെ ആവശ്യമുള്ള സാധനങ്ങൾ കണക്കിന് മാത്രം വാങ്ങി സൂക്ഷിക്കാം. എല്ലാ വീടുകളിലും അതാത് സാധനങ്ങൾ സൂക്ഷിക്കുവാനുള്ള ഷെൽഫുകളും ടേബിളുകളും ഉണ്ടാകും. എന്നാൽ തുടക്കത്തിൽ മാത്രമേ സാധനങ്ങൾ കൃത്യമായി രീതിയിൽ സൂക്ഷിക്കുകയുള്ളു. അത് കഴിഞ്ഞാൽ ഓരോന്നും ഓരോ സ്ഥലത്താവും സൂക്ഷിക്കുന്നത്. കൂടാതെ അമിതമായി സാധനങ്ങൾ വാങ്ങിയാൽ അവ സൂക്ഷിക്കാൻ സ്ഥലമില്ലാതാവുകയും ചെയ്യുന്നു. ഒരു ഷെൽഫിൽ സൂക്ഷിക്കാൻ പറ്റുന്ന സാധനങ്ങൾ മാത്രം വാങ്ങിക്കുക. ഉപയോഗം കഴിഞ്ഞത് ഉപേക്ഷിക്കാം. 

ഫ്ലോർ ടു സീലിംഗ് ഷെൽഫ് 

ചെറിയ വീടുകൾക്ക് കൂടുതൽ ഉപയോഗപ്രദമാണ് ഫ്ലോർ ടു സീലിംഗ് ഷെൽഫുകൾ. അതായത് സ്ഥലം കുറവായിരിക്കുമ്പോൾ വീതി ഉപയോഗിക്കുന്നതിന് പകരം ഉയരം ഉപയോഗിച്ച് സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ സാധിക്കും. ഇത് കാഴ്ചയിൽ മനോഹരവും അധിക സ്‌പേസ് ആവശ്യമായും വരുന്നില്ല. അതിനാൽ തന്നെ എപ്പോഴും ഉപയോഗിക്കാത്ത വസ്തുക്കൾ, അത് പാത്രമാകാം, വസ്ത്രങ്ങളാവാം എന്തും അത്തരത്തിൽ സൂക്ഷിച്ചാൽ സ്ഥലം നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കും. 

ഡ്രോപ്പ് സോണുകൾ ക്രമീകരിക്കാം 

എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും വീടുകളിൽ സാധനങ്ങൾ അലങ്കോലപ്പെടാതെ കൃത്യമായി ക്രമീകരിച്ച് ഒതുക്കി വയ്ക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. വസ്ത്രം, പുസ്തകങ്ങൾ, പാദരക്ഷകൾ എന്നിവ സൂക്ഷിക്കാൻ വീടിനുള്ളിൽ ഡ്രോപ്പ് സോണുകളുണ്ടെങ്കിൽ സാധനങ്ങൾ എളുപ്പത്തിൽ വയ്ക്കാൻ സാധിക്കും, അലങ്കോലപ്പെടുകയുമില്ല. ബാസ്കറ്റുകൾ, ചെറിയ സ്റ്റാൻഡ്, ചെറിയ ഡ്രോയറുകൾ എന്നിവ 
വീടിനുള്ളിലെ ചെറിയ സ്ഥലങ്ങളിൽ ക്രമീകരിച്ചാൽ വീട് ചിട്ടയോട് കിടക്കുകയും ചെയ്യും.  

ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ പാടുണ്ടോ? ഈ രണ്ട് കാര്യങ്ങൾ ചെയ്യരുത്

By admin