വീട്ടുജോലിക്കിടെ അലമാര തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചു, ആരുമറിയാതെ നൈസായിട്ട് സ്വർണം കവർന്നു; പിടിവീണു

തൃശൂർ: 13 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടു പേർ അറസ്റ്റിൽ. ചാഴൂർ ഐശ്വര്യ റോഡ് സ്വദേശിയായ വലിയപുരക്കൽ സുപ്രിയയുടെ വീട്ടിൽ നിന്നും 16 ¾ പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ചാഴൂർ എസ് എൻ റോഡ് സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സന്ധ്യ (4 ) പെരിങ്ങോട്ടുകര സ്വദേശിയായ പാണ്ടത്ര വീട്ടിൽ ഷൈബിൻ (47)എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് വന്നുപോകുന്നതായി വിവരം ലഭിച്ചു, ഉറക്കം ബസ്സിനുള്ളിൽ; കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവ് പിടിയിൽ

വിശദ വിവരങ്ങൾ ഇങ്ങനെ

സുപ്രിയയുടെ ചാഴൂരിലുള്ള വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 16.75 പവനോളം തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങൾ മോഷണം പോയിരുന്നു. സുപ്രിയയുടെ ഗുജറാത്തിലുള്ള ചേച്ചി നാട്ടിൽ വന്ന സമയം സുപ്രിയ തന്റെ മക്കൾക്ക് വിവാഹ സമ്മാനമായി നൽകുന്നതിനായി വാങ്ങിയ സ്വർണാഭരണങ്ങൾ കാണിച്ചു കൊടുക്കുമ്പോൾ ആണ് ഇതിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് മാർച്ച് 12 ന് ഇവർ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും അന്തിക്കാട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സന്ധ്യ സുപ്രിയയുടെ വീട്ടിൽ വീട് വൃത്തിയാക്കുന്നതിനും വീട്ടു ജോലിയിൽ സഹായിക്കുന്നതിനും പോകാറുണ്ട്. ജോലിക്ക് പോയ ഒരു ദിവസം സന്ധ്യ, അലമാര തുറന്നു കിടക്കുന്നത് കണ്ട് സൂത്രത്തിൽ അലമാരയിലെ ലോക്കറിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു.

മോഷണ സ്വർണ്ണം വിൽക്കുന്നതിനായി സുഹൃത്തായ ഷൈബിനെയാണ് ഏൽപ്പിച്ചിരുന്നത്. ഷൈബിൻ, പെരിങ്ങോട്ടുകര സ്വദേശിയായ വാമ്പുള്ളി പറമ്പിൽ, അരുൺ എന്നയാളുമായി മദ്യപിച്ചിരിക്കുമ്പോൾ സന്ധ്യ മോഷണം നടത്തിയ വിവരം അരുണിനോട് പറഞ്ഞു. അരുൺ മറ്റൊരാടെങ്കിലും ഈ വിവരം പറയുമോ എന്നുള്ള ഭയത്താൽ ഇതിനെ പ്രതിരോധിക്കുന്നതിനായി 19-03-2025 തിയ്യതി ഷൈബിനെ ബാറിൽ നിന്നും വിളിച്ചുകൊണ്ടുപോയി അരുണിന്റെ വീട്ടിൽ കൊണ്ടുപോയി മർദ്ദിക്കുകയും തുടർന്ന് സന്ധ്യയെ ചെന്ത്രാപിന്നിയിലുള്ള മകളുടെ വീട്ടിൽ നിന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പെരിങ്ങോട്ടുകരയിലുള്ള ഷൈബിന്റെ വീട്ടിൽ കൊണ്ടുവന്ന് അരുൺ പീഡിപ്പിച്ചു എന്നും ഒരു കഥയുണ്ടാക്കി ഷൈബിനും സന്ധ്യയും പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. സുപ്രിയയുടെ വീട്ടിൽ നിന്നും സ്വർണ്ണം മോഷണം പോയ സംഭവത്തിൽ സന്ധ്യയെ പോലീസ് സംശയ നിഴലിലാണ് നിർത്തിയിരുന്നത്.

സന്ധ്യയുടെ പരാതിയിൽ അരുണിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ അരുണിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയതിൽ സന്ധ്യയെയും ഷൈബിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്തതിൽ ആണ് സന്ധ്യ മോഷണം നടത്തിയ വിവരം സമ്മതിച്ചത്. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 2 പേരെയും റിമാൻഡ് ചെയ്തു. അന്തിക്കാട് പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സുബിന്ദ്, അഭിലാഷ്, ജയൻ സീനിയർ സിവിൽ പോലിസ് ഓഫിസർ വിപിൻ സിവിൽ പോലിസ് ഓഫിസർമാരായ പ്രതീഷ് , മിന്നു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin