വിഴുങ്ങിയത് എംഡിഎംഎ തന്നെ; സ്കാനിംഗില്‍ യുവാവിന്‍റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ ഇന്നലെ പൊലീസിന്‍റെ പിടിയിലായ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് പൊലീസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ സ്കാനിംഗിലാണ് യുവാവിന്‍റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. താമരശ്ശേരി സ്വദേശിയായ യുവാവ് ഫായിസ് ലഹരിമരുന്ന് വിഴുങ്ങിയത്. വീട്ടിൽ ബഹളം വെച്ച യുവാവിനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു. താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ ഷാനിദ് എന്ന യുവാവാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.
അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും വയറ്റില്‍ ഉണ്ടായിരുന്നു. ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയില്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പു വെച്ചു നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായതും മരണത്തിന് കീഴടങ്ങിയതും.