വാടക വീട്ടില്‍ രണ്ട് കിലോ വീതം 25 പാക്കറ്റുകൾ, മൂന്ന് യുവാക്കൾ പിടിയിലായി; മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട
മലപ്പുറം; ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വന്‍ കഞ്ചാവ് വേട്ട. പേങ്ങാട് മുളംകുണ്ടയിലെ വാടക വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച 50.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊണ്ടോട്ടി പൊലീസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശികളായ ജിബില്‍ (22), ജാസില്‍ അമീന്‍ (23), മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെടുത്തത്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയപ്പോള്‍ അറസ്റ്റിലായ മൂന്ന് യുവാക്കളും വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം വീതമുള്ള 25 പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഘം പേങ്ങാടുള്ള വാടക വീട്ടിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നാണ് സൂചന. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് സംഘം പുറത്തുവിട്ടിട്ടില്ല. കൊണ്ടോട്ടി ഡി വൈ എസ് പി പി കെ സന്തോഷും സ്ഥലത്തെത്തി അന്വേഷണം നടത്തി.
കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് പുറമെ കൊണ്ടോട്ടി എസ് ഐ വി ജിഷില്‍, ഡാന്‍സാഫ് അംഗങ്ങളായ പി സഞ്ജീവ്, രതിഷ്, സി സുബ്രഹ്‌മണ്യന്‍, മുസ്തഫ, ടി. സബീഷ്, കൊണ്ടോട്ടി സ്‌റ്റേഷനിലെ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്ല, ബാബു, അജിത് കുമാര്‍, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.