വയറുവേദന കഠിനം, യുട്യൂബ് ഗുരുവാക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ, 32കാരൻ ഗുരുതരാവസ്ഥയിൽ, വയറിൽ ആഴത്തിൽ മുറിവ്
മഥുര: വയറുവേദന മാറുന്നില്ല. യുട്യൂബ് നോക്കി സ്വയം ഓപ്പറേഷൻ നടത്തിയ 32കാരൻ ഗുരുതരാവസ്ഥയിൽ. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. സണ്‍രാഖ് ഗ്രാമത്തിലെ രാജാബാബു കുമാറെന്ന 32കാരനാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. ബുധനാഴ്ചയാണ് യൂട്യൂബ് വിഡിയോയില്‍ കണ്ടതിന് ശേഷം വീഡിയോയിൽ കാണിക്കുന്നത് പ്രകാരമുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങി യുവാവ് സ്വന്തം മുറിയില്‍ കയറി വാതിലടച്ച് ശസ്ത്രക്രിയ നടത്തിയത്.
മരവിപ്പിക്കാനുള്ള ഇൻജക്ഷൻ ആദ്യം എടുത്ത ശേഷം അടിവയറിന്‍റെ താഴെ ഇടതുവശത്തായി ഏഴുസെന്‍റീമീറ്റര്‍ നീളമുള്ള മുറിവ് രാജബാബു ഉണ്ടാക്കി. വിചാരിച്ചതിലും ആഴത്തിലേക്ക് ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിച്ച ബ്ലേഡ് ആഴ്ന്നിറങ്ങിയതോടെ വേദനകൊണ്ട് രാജാബാബു പുളഞ്ഞു. പിന്നാലെ രക്തസ്രാവവും തുടങ്ങി. ഉടന്‍ തന്നെ മുറിവ് സ്വയം തുന്നിക്കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നാലെ രാജ വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജയെ കണ്ട് നടുങ്ങിപ്പോയ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ മഥുര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. യുവാവിനെ ആരോഗ്യനില വഷളാണെന്ന് കണ്ടതോടെ ആഗ്രയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അടിവയറിന് താഴെയായി ഏഴ് സെന്‍റീമീറ്റര്‍ നീളത്തിലും ഒരു സെന്‍റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് യുവാവ് ഉണ്ടാക്കിയതെന്നും 12 തുന്നലുകള്‍ രാജ സ്വയം ഇട്ടുവെന്നും മഥുര ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ശശി രഞ്ചന്‍ പ്രതികരിക്കുന്നത്. ഇത് നീക്കിയ ശേഷം കൃത്യമായ തുന്നലുകളിട്ടാണ് ആഗ്രയിലേ ആശുപത്രിയിലേക്ക് തുടര്‍ ചികില്‍സയ്ക്കായി അയച്ചതെന്നും മെഡിക്കല്‍ ഓഫിസര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആശുപത്രിയിലെത്തുമ്പോഴും ആഗ്രയിലേക്ക് അയയ്ക്കുമ്പോഴും യുവാവ് പൂര്‍ണബോധത്തിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഓഡിറ്റോറിയം നടത്തിപ്പുകാരനാണ് രാജ. നേരത്തെ 18 വർഷങ്ങൾക്ക് മുൻപ് അപ്പന്‍ഡിസൈറ്റിന്‍റെ ശസ്ത്രക്രിയയ്ക്ക് രാജ വിധേയനായിട്ടുണ്ടെന്നും ഇതേയിടത്ത് വീണ്ടും വേദന നിരന്തരം അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വിശദമാക്കിയിരുന്നുവെന്ന് യുവാവിന്റെ ബന്ധു വിശദമാക്കുന്നത്. ഡോക്ടർമാരെ കാണിച്ച ശേഷവും വേദനയ്ക്ക് കുറവ് വന്നില്ല ഇതാണ് യുവാവ് സ്വയം ഓപ്പറേഷനിറങ്ങിയതെന്ന് രാജ ബാബുവിന്റെ ബന്ധു വിശദമാക്കുന്നത്.