മൂന്ന് മാസത്തെ സമാധാനത്തിന് ശേഷം വീണ്ടും അശാന്തി; ലെബനൻ തൊടുത്ത റോക്കറ്റുകൾ തടഞ്ഞ് തിരിച്ചടിച്ച് ഇസ്രയേൽ
ബെയ്റൂട്ട്: വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം. ഒരു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിച്ച് മൂന്ന് മാസമാകുമ്പോൾ മേഖലയിൽ വീണ്ടും അശാന്തി പടരുകയാണ്. ഇന്ന് രാവിലെ ലെബനൻ തൊടുത്ത റോക്കറ്റുകളെ തടഞ്ഞതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതകരിക്കുകയുണ്ടായി. പിന്നാലെയായിരുന്നു തെക്കൻ ലെബനനിലെ ഇസ്രയേലിന്‍റെ വ്യോമാക്രമണം.
ഇസ്രായേലിന്‍റെ ആക്രമണങ്ങൾ രാജ്യത്തെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷാ, സൈനിക നടപടികൾ സ്വീകരിക്കണമെന്നും ലെബനൻ പ്രധാനമന്ത്രി നിർദേശം നൽകി. ഗാസയിൽ ഇസ്രയേൽ യുദ്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് ലെബനനുമായും സംഘർഷം കനക്കുന്നത്. തെക്കൻ ലെബനനിലെ രണ്ട് പട്ടണങ്ങളിൽ ഇസ്രയേൽ പീരങ്കി ആക്രമണം നടത്തിയതായും അതിർത്തിയോട് ചേർന്നുള്ള മറ്റ് മൂന്ന് പട്ടണങ്ങളിൽ വ്യോമാക്രമണം നടത്തിയതായും ലെബനൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു.
14 മാസം നീണ്ടുനിന്ന ഇസ്രയേൽ ഹിസ്ബുല്ല ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമമിട്ട് നവംബറിലാണ് വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്. ലെബനന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങൾ വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നതോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. ദക്ഷിണ ലെബനനിൽ ആയുധങ്ങളടക്കമുള്ള ഹിസ്ബുല്ലയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയിൽ നിന്ന് പിൻമാറണമെന്നുമായിരുന്നു വെടിനിര്‍ത്തലിലെ ധാരണ.
ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ലെബനൻ സ്ഥിരീകരിച്ചത്. അതേസമയം ഇസ്രയേലിൽ 130 പേര്‍ മരിച്ചെന്നാണ് കണക്ക്.