മുംബൈയെ നേരിടാൻ ധോണി റെഡി, രാത്രി വൈകിയും കഠിന പരിശീലനം; വെളിപ്പെടുത്തലുമായി സഹതാരം
ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുടീമുകളുടെയും ആരാധകർ. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തിലാണ് മുംബൈയും ചെന്നൈയും ഏറ്റുമുട്ടുക. ഇത്തവണയും മഹേന്ദ്ര സിംഗ് ധോണി ചെന്നൈ നിരയിലുണ്ടാകും എന്നതിന്റെ ആവേശത്തിലാണ് മഞ്ഞപ്പടയുടെ ആരാധകർ. ഇപ്പോൾ ഇതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയിൽ ധോണിയുടെ സഹതാരവും ടീമിലെ സ്റ്റാർ ഓൾ റൗണ്ടറുമായ സാം കറൻ.
മുംബൈ ഇന്ത്യൻസിനെ നേരിടാൻ ധോണി നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ചാണ് സാം കറൻ വെളിപ്പെടുത്തിയിരിക്കുന്നത്. രാത്രി വൈകിയും ധോണി കഠിനമായ പരിശീലനത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈനുമായി നടത്തിയ അഭിമുഖത്തിൽ സാം കറൻ പറഞ്ഞു. ഹോം ഗ്രൊണ്ടായ ചെപ്പോക്കിൽ രാത്രി 11.30 സമയത്തും ധോണി ഹാർഡ് ഹിറ്റിംഗ് പരിശീലനം നടത്താറുണ്ടെന്നും താനും ജഡേജയും ധോണിയ്ക്കൊപ്പം പരിശീലനം നടത്തിയെന്നും സാം കറൻ കൂട്ടിച്ചേർത്തു. ലൈറ്റുകൾ തെളിയിച്ച് ഈ സമയത്ത് ഇതുപോലെ ഈ ലോകത്ത് മറ്റെവിടെയാണ് പരിശീലനം നടക്കുകയെന്ന് താൻ അത്ഭുതപ്പെട്ടെന്നും താരം പറയുന്നുണ്ട്.
ധോണിയ്ക്ക് ഒരു പ്രത്യേക പ്രഭാവലയമുണ്ടെന്ന് സാം കറൻ പറഞ്ഞു. ധോണി ബാറ്റ് ചെയ്യുന്നത് കാണാൻ പ്രാദേശിക ക്രിക്കറ്റ് താരങ്ങളെല്ലാവരും എത്താറുണ്ട്. ഇവർ ധോണിയുമായി സംസാരിക്കും. അദ്ദേഹത്തിന്റെ ശാന്തതയും വെല്ലുവിളികളെ അതിജീവിച്ചുള്ള പരിചയവും എടുത്തുപറയേണ്ടതാണെന്നും ധോണിയെ സമ്മർദ്ദത്തിലായി കാണാറില്ലെന്നും താരം പറഞ്ഞു. ചെപ്പോക്കിലാണ് നാളെ മുംബൈ – ചെന്നൈ പോരാട്ടം നടക്കുക. 5 തവണ വീതം കിരീടമുയർത്തിയ ടീമുകൾ വീണ്ടും മുഖാമുഖം എത്തുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
READ MORE: കിംഗ് ഖാൻ മുതൽ ശ്രേയ ഘോഷാൽ വരെ; ഐപിഎല്ലിന്റെ 18-ാം സീസണ് വർണാഭമായ തുടക്കം