‘മാര്‍ക്കോയെ വിമര്‍ശിച്ചവരോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്’; കാരണം പറഞ്ഞ് പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ചിത്രം ഉത്തരേന്ത്യയില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്. എന്നാല്‍ സമീപകാലത്ത് ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത് ടെലിവിഷന്‍ സംപ്രേഷണം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് വയലന്‍സിന്‍റെ അതിപ്രസരം ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ ടെലിവിഷന്‍ സംപ്രേഷണം തടഞ്ഞത്. ഇപ്പോഴിതാ മാര്‍ക്കോയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ തന്‍റെ പ്രതികരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമകാലിക സിനിമകളിലെ വയലന്‍സിനെക്കുറിച്ച് അവതാരക ചോദിക്കുമ്പോഴാണ് പൃഥ്വിരാജ് മറുപടി പറയുന്നത്. മാര്‍ക്കോ കണ്ടിരിക്കെ എന്താണ് താന്‍ കാണുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അവതാരകയുടെ അഭിപ്രായ പ്രകടനം. ഇതിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെ- “മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്‍റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല. ഉണ്ണി മുകുന്ദന്‍ എന്‍റെ സുഹൃത്താണ്. മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെക്കുറിച്ച് കുറ്റം പറയുന്നത്..”, പൃഥ്വിരാജ് പറഞ്ഞുനിര്‍ത്തി.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാന്‍റെ റിലീസ് മാര്‍ച്ച് 27 നാണ്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ഇന്നലെ തന്നെ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തുകൊണ്ടാണ് ബോക്സ് ഓഫീസില്‍ ചിത്രം മുന്നേറുന്നത്. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; ‘കരുതൽ’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin