ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു, ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

ഹരിപ്പാട്: ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനു പിന്നാലെ മകനും അറസ്റ്റിൽ. കരുവാറ്റ മൂട്ടിയിൽ വീട്ടിൽ ശിവപ്രസാദിന്‍റെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ കരുവാറ്റ വില്ലേജിൽ കൊടുപത്തു വീട്ടിൽ ബിന്ദുമോൻ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന മകൻ അർജുനനെ (23) കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് പിടികൂടി. ഫെബ്രുവരി ഒമ്പതിന് രാത്രി 10.25 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 

ശിവപ്രസാദിന്‍റെ ഭാര്യയെ കുറിച്ച് ബിന്ദുമോൻ മോശമായി മറ്റുള്ളവരോട് പറഞ്ഞതു ചോദ്യം ചെയ്തതിനെ തുടർന്നാണ് ബിന്ദു മോനും മകനായ അർജുനും ഇയാളുടെ ബന്ധുക്കളും ചേർന്ന് വീട്ടിൽ കയറി അക്രമം നടത്തിയത്. ശിവപ്രസാദിനെയും അച്ഛനെയും ഇയാളുടെ അമ്മയെയും ക്രൂരമായി സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. 

വടികൊണ്ട് തലയ്ക്കു അടിയേറ്റ ശിവപ്രസാദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തു. അർജുനനെ കോടതി റിമാൻഡ് ചെയ്തു. ഐഎസ്എച്ച് ഒ മുഹമ്മദ്‌ ഷാഫി, എസ്ഐ മാരായ ഷൈജ, ശ്രീകുമാര കുറുപ്പ്, എസ്‌സിപിഒ രേഖ, സിപിഒ മാരായ നിഷാദ്, സജാദ്, ശിഹാബ്, രാകേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. 

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin