പുതിയ ടാറ്റ സിയറ എസ്‍യുവി, വിലയും സവിശേഷതകളും!

2025 ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ പുതിയ ടാറ്റ സിയറ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് അനാച്ഛാദനം ചെയ്തു. 2025 ന്റെ രണ്ടാം പകുതിയിൽ, ഒരുപക്ഷേ ദീപാവലി സീസണിനടുത്ത് വാഹനം ഷോറൂമുകളിൽ എത്തുമെന്ന് ഇപ്പോൾ കമ്പനി സ്ഥിരീകരിച്ചു. പുതിയ സിയറ പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ആന്തരിക ജ്വലന എഞ്ചിൻ പതിപ്പിന്റെ വില ഏകദേശം 10.50 ലക്ഷം രൂപയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ഇലക്ട്രിക് പതിപ്പിന് അടിസ്ഥാന മോഡലിന് ഏകദേശം 25 ലക്ഷം രൂപ വിലവരും.

എസ്‌യുവിയുടെ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ടാറ്റ സിയറ ഐസിഇ 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യഥാക്രമം 280Nm-ൽ 170PS കരുത്തും 260Nm-ൽ 118PS കരുത്തും സൃഷ്‍ടിക്കുന്നു. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ഈ നിര വരുന്നത്.

സിയറ ഇലക്ട്രിക്കിൽ ഡ്യുവൽ മോട്ടോർ, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ 60kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കാനാണ് സാധ്യത. ഇത് ഉയർന്ന ട്രിമ്മുകൾക്ക് മാത്രമായിരിക്കാം. ഈ വേരിയന്റ് പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ ദൂരം പിന്നിടും. താഴ്ന്ന ട്രിമ്മുകൾ ചെറിയ ബാറ്ററി പായ്ക്കിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഐസിഇയിൽ പ്രവർത്തിക്കുന്ന സിയറയ്‌ക്കൊപ്പം ടാറ്റ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റം വാഗ്ദാനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ, അറ്റ്ലാസ് ആർക്കിടെക്ചർ അധിഷ്ഠിത എസ്‌യുവി ചില മികച്ച ഓഫ്-റോഡിംഗ് കഴിവുകളുമായി വരും. പഞ്ച് ഇവിയുടെയും കർവ്വ് ഇവിയുടെയും അടിസ്ഥാനമായ ആക്റ്റി.ഇവി പ്ലാറ്റ്‌ഫോമിനെ ടാറ്റ സിയറ ഇവിയും പിന്തുണയ്ക്കും. 

വാഹനത്തിൽ ഒരു സെൻട്രൽ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഒരു പാസഞ്ചർ സൈഡ് ഡിസ്‌പ്ലേ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ മൂന്ന് സ്‌ക്രീനുകൾ സജ്ജീകരിക്കും. പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 എഡിഎഎസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) തുടങ്ങി നിരവധി സവിശേഷതകളോടെയാണ് പുതിയ ടാറ്റ സിയറ വരുമെന്ന് പ്രതീക്ഷിക്കുന്നത്.

By admin