പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം എന്നാണ് പൊതുവെ പറയാറ്. എന്നാല്‍, തങ്ങളെക്കാൾ നന്നായി മലയാളം സംസാരിക്കുന്ന ജർമ്മന്‍കാരിയെ കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മലയാളില്‍ പലരും അമ്പരന്നു. മിക്കയാളുകളും ‘എന്നെക്കാൾ നന്നായി മലയാളം സംസാരിക്കുന്നുവെന്ന്’ എഴുതി. ജർമ്മന്‍കാരിയായ ക്ലാരയാണ് ഒരൊറ്റ വീഡിയോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ആ വിദേശ വനിത.
ജർമ്മന്‍ പഠിപ്പിക്കുകയും മലയാളം പഠിക്കുകയും ചെയ്യുന്ന, ക്ലാര സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട മലയാളിയായ യൂബര്‍ ഡ്രൈവറിനോട്, മലയാളത്തില്‍ സംസാരിക്കുന്നത് ക്ലാര ചിത്രീകരിക്കുകയും അത് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവക്കുകയുമായിരുന്നു. യാത്രയ്ക്കായി യൂബർ ബുക്ക് ചെയ്തപ്പോൾ ലഭിച്ച മലയാളിയായ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ചതിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
Watch Video: ഹൃദയങ്ങൾ കീഴടക്കിയ വീഡിയോ; കാണാതായ നായയും ഉടമയും കണ്ടുമുട്ടിയ വീഡിയോ വൈറല്‍
Watch Video: വയറ് വേദന അസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍, 11 തുന്നിക്കെട്ട്
വിദേശത്ത് ജനിച്ച് വളര്‍ന്നയാളാണെന്ന് കരുതിയെന്ന് യൂബർ ഡ്രൈവര്‍ പറയുന്നു. ഒപ്പം തന്‍റെ ഭാര്യയെ അമ്പരപ്പിക്കാനായി അവരോട് മലയാളത്തില്‍ സംസാരിക്കാമോയെന്നും ഡ്രൈവര്‍ ക്ലാരയോട് ചോദിക്കുന്നു. ക്ലാര സമ്മതിക്കുന്നു. ഒപ്പം, ജർമ്മനിയില്‍ ഗവേഷണത്തിനെത്തിയ മലയാളികളില്‍ പലരും തന്‍റെ സുഹൃത്തുക്കളാണെന്നും അങ്ങനെയാണ് താന്‍ മലയാളം പഠിച്ചതെന്നും ക്ലാര വിശദീകരിക്കുന്നു. ഒപ്പം താന്‍ അഞ്ച് വര്‍ഷമായി മലയാളം പഠിക്കുന്നെന്നും ഇപ്പോൾ ഇടയ്ക്കിടെ ഒരു പിഡിഎഫിന്‍റെ സഹായത്തോടെ മലയാളം പഠിക്കുന്നുണ്ടെന്നും ക്ലാര പറയുന്നു. മലയാളികളെ ജർമ്മന്‍ പഠിപ്പിക്കാന്‍ നോക്കിയതാണെന്നും ഇപ്പോൾ ജർമ്മന്‍കാര്‍ മലയാളം പഠിച്ച് വന്നെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി.
മലയാളി ഇംഗ്ലീഷും കലർത്തി മലയാളം പറഞ്ഞാല്‍ കുട്ടിക്ക് മനസിലാകില്ലെന്ന് മറ്റൊരു കുറിപ്പ്. എന്‍റെ മകളെക്കാൾ നന്നായി മലയാളം സംസാരിക്കുന്നെന്ന് എഴുതി. വീഡിയോ കാനഡയിലും യുഎസിലുമുള്ള മുല്ലൂസിന് അയച്ച് കൊടുക്കണമെന്നും മലയാളം മറന്ന് പോകുന്നവരെ വീഡിയോ കാണിച്ച് മാതൃഭാഷയോട് സ്നേഹം വളർത്തണമെന്നും ചിലരാവശ്യപ്പെട്ടു. മറ്റ് ചില പ്രവാസികൾ തങ്ങൾ ജനിച്ചത് വിദേശത്താണെന്നും തങ്ങളും ഇത്രയും ഒഴുക്കോടെ മലയാളം സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്നും കുറിച്ചു. ക്ലാര മലയാളം പഠിക്കാന്‍ ഉപയോഗിക്കുന്ന പിഡിഎഫ് ചോദിച്ചും ചിലരെത്തി. 19 ലക്ഷം പേര്‍ ഇതിനകം വീഡിയോ കണ്ടു. ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.