നീലേശ്വരം സ്റ്റേഷനിൽ കൂളായി വന്നിറങ്ങി, പൊലീസിന് ആളെ പിടികിട്ടി; പോക്കറ്റിൽ നിന്ന് കിട്ടിയത് 19 ഗ്രാം എംഡിഎംഎ
കാസർഗോഡ്: നീലേശ്വരം പൊലീസ് റെയിൽവ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ കാപ്പ ചുമത്തിയ പ്രതിയെ എംഡിഎംഎയുമായി പിടികൂടി. ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് പടന്നക്കാട്, സിംഗപ്പൂർ ക്വാട്ടേഴ്സിൽ താമസിക്കുന്ന വിഷ്ണു. പി (29) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 19.200 ഗ്രാം എംഡിഎംഎ പിടികൂടുകയുമായിരുന്നു.
കാപ്പ ചുമത്തി നാട് കടത്തിയ പ്രതിക്ക് ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. എന്നാൽ ഇത് ബേധിച്ച് രാവിലെ 9 മണിയോടെ കണ്ണൂർ – യശ്വന്ത്പൂർ ട്രെയിനിൽ പ്രതി വന്നിറങ്ങി. ട്രെയിനിൽ വന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിനിടയിൽ നിലേശ്വരം എസ് ഐ അരുൺ മോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിലെ എസ് സി പി ഒ ദിലീഷ് ട്രെയിനിൽ നിന്നിറങ്ങിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും മറ്റ് പൊലീസുകാരും ചേർന്ന് പിടികൂടി.
നേരത്തെ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ ഇയാളെ ഗസറ്റഡ് ഓഫീസറുടെ സാനിധ്യത്തിൽ ദേഹപരിശോധന നടത്തി. ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇയാൾക്കെതിരെ കാപ്പ നിയമ ലംഘനത്തിനും , മയക്ക് മരുന്ന് കൈവശം വെച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
കാസർഗോഡ് ജില്ലാ പോലീസ് മേധാവി ശില്പ.ഡി ഐപിഎസിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് , നിലേശ്വരം ഇൻസ്പെക്ടർ ബിൻ ജോയ് എന്നിവരുടെ നിർദ്ദേശപ്രകാരം എസ്ഐ അരുൺ മോഹൻ എസ് സി പി ഒ മഹേഷ്, ദിലീഷ് , സി പി ഒ അജിത്ത്, ജിതിൻ മുരളി എന്നിവർ ചേർന്നാണ് പ്രതിയെ സമർത്ഥമായി പിടി കൂടിയത്.