ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത സംഭവം; കത്തിയ നിലയിൽ നോട്ടുകള്‍; സുപ്രീംകോടതി റിപ്പോര്‍ട്ട് പുറത്ത്

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോ​ഗിക വസതിയിൽ നിന്ന് വൻതുക കണ്ടെത്തിയ സംഭവത്തിൽ ചീഫ് ജസ്റ്റീസ് നൽകിയ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കത്തിയ നിലയിൽ കറൻസി നോട്ടുകൾ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. പണം എത്രയെന്ന് കണ്ടെത്തിയിട്ടില്ല. പാതി നോട്ട് കെട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്റ്റോർ റൂമിലാണ് ഇത് സൂക്ഷിച്ചിരുന്നത്. 

എന്നാൽ തനിക്കെതിരെ ഗൂഢാലോചനയാണന്നും നോട്ടിനെ കുറിച്ച് അറിയില്ലെന്നുമാണ് ജഡ്ജിയുടെ വിശദീകരണം. നോട്ടുകൾ കണ്ടെത്തി എന്ന് പൊലീസ് അറിയിച്ചിട്ടില്ല എന്ന് ജഡ്ജി പറയുന്നു. നോട്ടുകൾ കണ്ടെത്തി എന്ന് പൊലീസ് അറിയിച്ചിട്ടില്ല എന്ന് ജഡ്ജി പറഞ്ഞു. തനിക്കോ കുടുംബാംഗങ്ങൾക്കോ ഇത് സംബന്ധിച്ച് വിവരം ഇല്ല. ആർക്കും ഉപയോഗിക്കാനാകുന്ന മുറിയാണ്. തനിക്കെതിരായ നീക്കമാണിതെന്നും സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറി എന്നുമാണ് ജ‍ഡ്ജിയുടെ വിശദീകരണം. 

ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ 
കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തെ ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തി തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 

നോട്ടുകെട്ടുകള്‍ കണക്കില്‍ പെടാത്തതാണ് എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. 2014 ലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്. പിന്നീട് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു.

By admin