ചിത്രശലഭം പോലൊരു ഗ്രന്ഥി; തൈറോയ്ഡിന്റെ ആരോഗ്യത്തിനായി ചില ഭക്ഷണക്രമങ്ങള്‍

നമ്മുടെ ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. അതിനാല്‍ തന്നെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുക. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടുന്നതും കുറയുന്നതും യഥാക്രമം ഹൈപ്പര്‍തൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം എന്നീ അവസ്ഥകളിലേക്ക് നയിക്കും. ഇന്ത്യന്‍ ജനസംഖ്യയുടെ 10 മുതല്‍ 12 ശതമാനം വരെ ആളുകള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കാണാറുള്ളത്. കഴുത്തിന് മുന്‍വശത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്‌സിന്‍ (T4), ട്രൈ അയഡോതൈറോണിന്‍ (T3) എന്നി രണ്ട് ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്. മെറ്റബോളിസം, വളര്‍ച്ച, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങി മാനസികാരോഗ്യം വരെ തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു.  തൈറോയ്ഡ്  പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കി നിര്‍ത്താന്‍ സഹായിക്കുന്ന ചില ആരോഗ്യശീലങ്ങളെക്കുറിച്ച് അറിയാം.

ഹൈപ്പര്‍ തൈറോയ്ഡിസം

ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം. ഇത് ശരീരത്തിന്റെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കും (Metabolic Rate). ക്രമാതീതമായ ശരീരഭാരം കുറയുക, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, വിറയല്‍, വിയര്‍പ്പ്, ഉത്കണ്ഠ തുടങ്ങിയവയെല്ലാം ഹൈപ്പര്‍തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.  ശരീരം ഈ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയാല്‍ രക്തപരിശോധന നടത്തി രോഗനിര്‍ണയം നടത്തണം. ഹൈപ്പര്‍തൈറോയ്ഡിസം ഉള്ളവരില്‍ TSH-ന്റെ  (Thyroid Stimulating Hormone) അളവ് കൂടുതലായിരിക്കും. ആഹാരക്രമീകരണം കൊണ്ടുമാത്രം ഹൈപ്പര്‍തൈറോയ്ഡിസം ഭേദമാക്കാന്‍ സാധിക്കില്ല. എന്നാല്‍ ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ഇതിന്റെ ലക്ഷണങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.

ഹൈപ്പര്‍തൈറോയ്ഡിസമുള്ളവരില്‍ ഉപാപചയ നിരക്ക് വളരെ കൂടുതലായിരിക്കും.  ശരീരഭാരം കുറഞ്ഞുതുടങ്ങുമ്പോള്‍ കൊഴുപ്പിനൊപ്പം മസിലുകളും നഷ്ടമാകും. ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മസില്‍ ലോസിനെ കുറയ്ക്കാന്‍ സഹായിക്കും. ചിക്കന്‍, മുട്ട, മത്സ്യം, ബീന്‍സ് തുടങ്ങി പ്രോട്ടീന്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

എല്ലുകള്‍ ദുര്‍ബലമാകുകയും അസാധാരണമായി പെട്ടെന്ന് പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്.  ഹൈപ്പര്‍തൈറോയ്ഡിസമുള്ളവരില്‍ ഈ രോഗാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.  സെലീനിയം ധാരാളം അടങ്ങിയ ബ്രസീല്‍ നട്ട്, സൂര്യകാന്തി വിത്ത്, മുട്ട, മീന്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഹൈപ്പര്‍ തൈറോയ്ഡിസമുള്ളവര്‍ അയഡിന്‍ അടങ്ങിയ ഭക്ഷണം, അയഡൈസ്ഡ് ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. 

ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യത്തിന് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.  ഇത് ശരിരത്തിനെ മെറ്റബോളിസം നിരക്ക് കുറയ്ക്കുന്നു. ശരീരഭാരം കൂടുക, ക്ഷീണം, മുടികൊഴിച്ചില്‍, തണുപ്പ് സഹിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ, വിഷാദം, വരണ്ട ചര്‍മം, മലബന്ധം തുടങ്ങിയവയെല്ലാം ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്. 

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന സിങ്ക്, സെലീനിയം, അയഡിന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. അയഡിന്‍ അടങ്ങിയ ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ അയഡിന്റെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ വര്‍ദ്ധിക്കാതിരിക്കാനും പ്രത്യേക ശ്രദ്ധവേണം. സെലീനിയം അടങ്ങിയ ബ്രസീല്‍ നട്ട്, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങള്‍,  സൂര്യകാന്തി വിത്ത്, തടിവ് കളയാത്ത ധാന്യങ്ങള്‍ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നുമെല്ലാം ഇവ സംരക്ഷണം നല്‍കും. 

ഹൈപ്പര്‍ തൈറോയിഡിസമുള്ളവരില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് മലബന്ധം. ഇതിനെ തടയാനായി ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ലഭിക്കുന്നതിനായി പഴങ്ങള്‍, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കണം. ഇറച്ചി, മത്തങ്ങ വിത്തുകള്‍, ഒയിസ്റ്റര്‍, മുട്ട തുടങ്ങിയവയെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

ഭക്ഷണക്രമീകരണത്തിനൊപ്പം ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം ശീലമാക്കുന്നത് ഗുണം ചെയ്യും. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനും വ്യായാമം സഹായിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാം. ദീര്‍ഘകാലമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി പ്രഭാത നടത്തം, യോഗ എന്നിവ ശീലമാക്കാം. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്.

By admin