കോഴിക്കോട് വന്നുപോകുന്നതായി വിവരം ലഭിച്ചു, ഉറക്കം ബസ്സിനുള്ളിൽ; കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവ് പിടിയിൽ
കോഴിക്കോട്: കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന ഷിബിന്‍ ലാലിനെയാണ് (ജിബ്രൂട്ടന്‍) കുന്നമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ കോഴിക്കോട് പാളയം ബസ് സ്റ്റാന്‍റിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍റിലും മാവൂരിലും പരിസര പ്രദേശങ്ങളിലും വന്നു പോയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാട്ടിലെത്തിയ ഇയാള്‍ രാത്രി കാലങ്ങളില്‍ മാവൂരിലും തെങ്ങിലക്കടവിലും പെട്രോള്‍ പമ്പുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലാണ് കിടന്നുറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഷിബിന്‍ ലാല്‍ പാളയം ബസ് സ്റ്റാന്‍റില്‍ നിന്ന് മുക്കം ഭാഗത്തേക്ക് പുറപ്പെട്ട മുബാറക് ബസ്സില്‍ കയറിയതായി പൊലീസ് സ്ഥിരീകരിച്ചു. ബസ്സിനെ പിന്തുടര്‍ന്ന പൊലീസ് വൈകീട്ട് 4.30ഓടെ പൊറ്റമ്മലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്, കസബ, മുക്കം, നടക്കാവ്, മാവൂര്‍ പോൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.