തൃശൂർ: പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായെത്തിയ വേനൽ മഴ തൃശൂരിൽ ആശങ്കയായി മാറി. വേനൽ മഴ, പത മഴയായി മാറിയതാണ് തൃശൂരിൽ ആശങ്കക്ക് കാരണമായത്. ശനിയാഴ്ച വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. പ്രധാനമായും തൃശൂർ വെങ്ങിണിശ്ശേരി മേഖലകളിലാണ് പതമഴ പെയ്തത്. ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്.
പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞത്. സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വിവരിച്ചു. ഈ രണ്ടു സാഹചര്യങ്ങളിലാണ് സാധാരണ ഗതിയിൽ പതമഴ അഥവാ ഫോം റെയിൻ പെയ്യുക എന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.