‘ഒരു പാഴ്സൽ വരുന്നുണ്ട് സാറെ, പരിശോധിക്കണം’; ബത്തേരിയിൽ 85 കിലോ പുകയില ഉൽപ്പന്നങ്ങളുമായി വിതരണക്കാരൻ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വിതരണം ചെയ്യാൻ പാഴ്സൽ വഴി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ മൊത്തക്കച്ചവടക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനി വയല്‍ദേശം അശോക് നിവാസില്‍ അശോക് (45) ആണ് പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജിൻസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. സുല്‍ത്താന്‍ബത്തേരിയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിലെത്തിയ പാഴ്‌സലില്‍ സംശയം തോന്നിയ ജീവനക്കാര്‍ എകൈസിനെ അറിയിക്കുകയായിരുന്നു. 
 
തുടര്‍ന്ന് എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പാഴ്‌സല്‍ പരിശോധിക്കുകയും വിലാസത്തിലുള്ള ആളെ പിടികൂടുകയുമായിരുന്നു. അശോകിന്റെ വീട്ടില്‍ നടത്തി വിശദമായ പരിശോധനയില്‍ 85 കിലോ ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മുപ്പത് വര്‍ഷമായി സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ താമസമാക്കി ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി നഗരത്തിലെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പാഴ്‌സല്‍ സര്‍വ്വീസുകള്‍ ദുരുപയോഗം ചെയ്ത് ലഹരി കടത്തുന്നവരെ കണ്ടെത്താന്‍ പാഴ്‌സല്‍ സ്ഥാപനങ്ങളിലടക്കം പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് റേഞ്ച് ഓഫീസ്, വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍മാരായ പി. ബാബുരാജ്, വി.കെ. മണികണ്ഠന്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ ജി. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ്, പ്രിവന്റ്‌റീവ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Read More : 

By admin