അഹമ്മദാബാദ്: വീട്ടിൽ എപ്പോഴും നൈറ്റ് ഗൗൺ ധരിക്കണമെന്ന് നിർബന്ധിക്കുന്ന ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നൽകി 21കാരി. അഹമ്മദാബാദ് ജുഹാപുര സ്വദേശിയായ 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2023 മെയിൽ സൗദിയിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യയിലെത്തി. വിവാഹ ശേഷം ഭർത്താവും ഭർതൃവീട്ടുകാരും തന്റെ വസ്ത്രധാരണ തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ തുടങ്ങി. എതിർത്തപ്പോൾ തന്നെ അധിക്ഷേപിച്ചു.
പിന്നീട് ഭർത്താവിന്റെ വീട്ടുകാർ താമസിക്കുന്ന ബാപ്പുനഗറിലേക്ക് താമസം മാറി. ഡോക്ടറായ ഭർത്താവ് വിവാഹശേഷം മദ്യപാനം തുടങ്ങിയെന്നും എതിർക്കുമ്പോൾ അധിക്ഷേപിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഭർത്താവിന്റെ വീട്ടുകാരോട് പരാതിപ്പെട്ടപ്പോൾ പിന്തുണ ലഭിച്ചില്ലെന്നും അവർ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. എപ്പോൾ ഉറങ്ങണമെന്നും എഴുന്നേൽക്കണമെന്നും ഭർത്താവ് നിർദേശിക്കും. എതിർത്താൽ അയാൾ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് ഭർത്താവിന്റെ കാലുകൾ മസാജ് ചെയ്യണം.
എപ്പോഴും നൈറ്റ്ഗൗൺ ധരിക്കണമെന്ന് ഭർത്താവും വീട്ടുകാരും നിർബന്ധിക്കും. എതിർക്കുമ്പോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും അധിക്ഷേപിക്കും. ഭർതൃസഹോദരിയും അവരുടെ ഭർത്താവും പീഡിപ്പിച്ചു. അവർ എപ്പോഴും കുറ്റം കണ്ടെത്തി ഭർത്താവിനെ അറിയിക്കും. കഴിഞ്ഞ മെയ് മാസത്തിൽ കശ്മീരിലേക്കുള്ള കുടുംബ യാത്രയെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിട്ടും, ഭർത്താവ് അനുരഞ്ജന ശ്രമങ്ങൾ നടത്തിയില്ലെന്നും തുടർന്നാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.