ഈ വർഷം ഇത്തിരി സ്പെഷ്യലാണ്! പതിനെട്ടിന്റെ നിറവില്‍ കോലി, ഐപിഎല്ലിന്റെ എമ്പുരാൻ
ഏപ്രില്‍ 18, 2008. ബ്രണ്ടൻ മക്കല്ലത്തിന്റെ അമാനുഷിക ഇന്നിങ്സ് കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു ചിന്നസ്വാമിയിലെ ഗ്യാലറി. ഏകദിനത്തില്‍ പോലും ഒരു വിന്നിങ് സ്കോറായ 223 റണ്‍സ് ചെയ്സ് ചെയ്യാൻ ബാംഗ്ലൂര്‍ ഇറങ്ങുകയാണ്. രണ്ടാം ഓവര്‍ താണ്ടാനാകാതെ വൻമതില്‍ തകര്‍ന്നു. ഡഗൗട്ടില്‍ നിന്ന് ബിഡിഎമ്മിന്റെ ബാറ്റുമേന്തി ഒരു അഞ്ചാം നമ്പര്‍ ജേഴ്സിക്കാരൻ നടന്നുവരികയാണ്. ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്ത നായകൻ എന്ന് മാത്രമായിരുന്നു അവന്റെ വിലാസം.
തന്റെ കളിക്കൂട്ടുകാരൻ ഇഷാന്ത് ശര്‍മയാണ് ബൗളര്‍. സമ്മര്‍ദം അവന്റെ മുഖത്ത് വരച്ചിട്ടിരുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററിലധികം വേഗതയിലെത്തിയ പന്തിന്റെ ലെങ്ത് പോലും പിക്ക് ചെയ്യുന്നതില്‍ അവന് പിഴച്ചു. ഒടുവില്‍ ഡിൻഡയുടെ പന്തില്‍ ഓഫ് സ്റ്റമ്പ് തെറിച്ച് പുറത്താകുമ്പോള്‍ പേരിന് നേര്‍ക്ക് ഒരു റണ്‍സ് മാത്രം, നേരിട്ടത് അഞ്ച് പന്തും.
ആ പന്തിന് ശേഷം ഒരുദശാബ്ദവും ഏഴ് വര്‍ഷവും പിന്നിട്ടിരിക്കുന്നു. ഐപിഎല്‍ 18-ാം സീസണില്‍ ആദ്യമായി നാണയം വാനിലേക്ക് ഉയരുമ്പോള്‍ കളത്തില്‍ അവനുണ്ടാകും, 18-ാം നമ്പര്‍ ജേഴ്സി അണിഞ്ഞ്. ഇന്ന് അവൻ അന്നത്തെ 19കാരനല്ല, അവന്റെ മുഖത്ത് സമ്മര്‍ദമില്ല. പലകുറി വിശ്വം കീഴടക്കിയവനാണ്, ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊന്ന്, ഐപിഎല്ലില്‍ അവന്റെ മാസ്മരികത കാണാത്ത മൈതാനങ്ങളില്ല. നാള്‍വഴികളില്‍ ആരാധകര്‍ അവനൊരു പട്ടം ചാര്‍ത്തിക്കൊടുത്തു, ദ കിങ്, കിങ് വിരാട് കോലി.
17 വിരാട് കോലി വര്‍ഷങ്ങള്‍ക്കായിരുന്നു ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. 2008ല്‍ ഐപിഎല്ലില്‍ അരങ്ങേറിയെങ്കിലും കോഹ്ലിയെന്ന ബാറ്റര്‍ യഥാര്‍ത്ഥത്തില്‍ ലോഞ്ച് ചെയ്യപ്പെട്ടത് 2011ലായിരുന്നു. ആര്‍സിബി രണ്ടാം തവണ ഫൈനലില്‍ എത്തിയ വര്‍ഷം. 557 റണ്‍സായിരുന്നു കോലി നേടിയത്. അന്ന് 22 വയസ് മാത്രമായിരുന്നു കോലിയുടെ പ്രായം. ഫൈനലില്‍ ചെന്നൈക്ക് മുന്നില്‍ കിരീടമോഹങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ബാറ്റിങ് നിരയിലെ മുതിര്‍ന്നവര്‍ വീഴുമ്പോഴും കോലി പൊരുതി.
ദ്രാവിഡിനും കുബ്ലെക്കും വിറ്റോറിക്കും കെവിൻ പീറ്റേഴ്സണും സാധിക്കാത്തപോയത് സാധ്യമാക്കാൻ 2013ല്‍ കോലിയിലേക്ക് നായകസ്ഥാനമെത്തുന്നു. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെയായിരുന്നു കോലിയുടെ ഐപിഎല്‍ കരിയറിയിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് പിറന്നത്. ഡല്‍ഹിക്കെതിരെ 16 ഓവറില്‍ 106-3 എന്ന നിലയില്‍ നിന്ന് 183ലേക്ക് എത്തിച്ച കോലിയുടെ ടോപ് ഗിയര്‍ ഇന്നിങ്സ്.
അന്ന് 43 പന്തില്‍ 47 റണ്‍സിലായിരുന്നു 16-ാം ഓവര്‍ വരെ കോലി, പക്ഷെ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ കോലിയുടെ സ്കോര്‍ 58 പന്തില്‍ 99 റണ്‍സ്. എന്നാല്‍, 2013 സീസണ്‍ ഓര്‍മിക്കപ്പെടുന്നത് കോലിയെന്ന അഗ്രസീവ് ക്യാപ്റ്റന്റെ പേരില്‍കൂടിയാണ്. ഗംഭീറുമായി മൈതാനത്ത് ഏറ്റുമുട്ടിയത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ്. അത് പോയസീസണില്‍ ആവർത്തിക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി.
2016 എന്ന സ്വപ്നസീസണ്‍. നാല് സെഞ്ചുറികള്‍ ഉള്‍പ്പെടെ 973 റണ്‍സ്. എബി ഡീവില്ലിയേഴ്സിനൊപ്പം തീര്‍ത്ത ബാറ്റിങ് വിരുന്നുകള്‍. ഇടം കയ്യില്‍ ഒൻപത് സ്റ്റിച്ചുകളുമായി കളത്തിലെത്തി പഞ്ചാബിനെതിരെ 47 പന്തില്‍ നേടിയ ശതകം. ആർസിബി റണ്‍മലകയറിയപ്പോഴെല്ലാം ഒരുവശത്ത് കോലി നിലകൊണ്ടു. ഒരുപതിറ്റാണ്ടോളമായിട്ടും തിരുത്തപ്പെടാത്ത പല നാഴികക്കല്ലുകളും സൃഷ്ടിക്കപ്പെട്ട സീസണ്‍. കിരീടം കൂടി നേടിയിരുന്നെങ്കില്‍ ‘Cherry on the cake’ എന്ന പ്രയോഗം എഴുതിച്ചേര്‍ക്കാമായിരുന്നു.
2018ന് ശേഷം കോലിയുടെ ബാറ്റ് ശരാശരി പ്രകടനങ്ങളിലേക്ക് ഒതുങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ ബാക്കിപത്രമെന്നവണ്ണം ഐപിഎല്ലിലും നിരാശ. കോലി സൃഷ്ടിച്ച ബെഞ്ച് മാർക്ക് തന്നെയായിരുന്നു വിനയായത്. മോശം സ്ട്രൈക്ക് റേറ്റിന്റെ പരില്‍ വിമർശനശരങ്ങള്‍. മറ്റ് ബാറ്റർമാർ 150-180 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയപ്പോള്‍ കോഹ്ലിയുടേത് 120നും താഴെ. ചിന്നസ്വാമിയില്‍ നിരന്തരം നിരാശയിലേക്ക് വീണ ആരാധകരെ കൈപിടിച്ചുയർത്താനാകാതെ അയാള്‍ നായകന്റെ കസേരയില്‍ നിന്ന് നടന്നകന്നു.
He didn’t respond to criticism, instead, he let his bat do the talking. തന്റെ ബാറ്റിനെ സംശയിച്ചവർക്ക് മറുപടിയായി
കോലി കാത്തുവെച്ചതായിരുന്നു 2023. നാല് സീസണ്‍ ഇടവേളയ്ക്ക് ശേഷം കോലി 500 റണ്‍സിലധികം നേടി. രണ്ട് സെഞ്ചുറികള്‍. 2016നേക്കാള്‍ ഡിസ്ട്രക്ടീവ് മോഡിലായിരുന്നു 2024ല്‍. 35-ാം വയസില്‍ ഓറഞ്ച് ക്യാപ് നേട്ടം, കൂടുതല്‍ സെഞ്ചുറി, ഐപിഎല്ലില്‍ 8,000 റണ്‍സെന്ന മൈല്‍സ്റ്റോണ്‍ കടന്നു. രണ്ടാമനേക്കാള്‍ ബഹുദൂരം മുന്നില്‍.
അങ്ങനെ ചരിത്രത്താളുകളിലെല്ലാം തന്റെ പേരെഴുതിച്ചേർത്ത് 18-ാം സീസണിലേക്ക് ചുവടുവെക്കുകയാണ് കോലി. മഹാരഥന്മാർ പടിയിറങ്ങി, ഒപ്പമുണ്ടായിരുന്നവരില്‍ ചുരുക്കം മാത്രം, കൂടെയോടുന്നത് പുതുതലമുറയും. ക്രിക്കറ്റ് ലോകത്ത് ഇനി അയാളുടെ കൈ തൊടാത്ത ഒന്ന് മാത്രമെയുള്ളു. അത് ഐപിഎല്‍ കിരീടമാണ്. ആർസിബിയുടെ കുപ്പായത്തില്‍ കിരീടം ഉയർത്തി കരിയർ പൂർണതയിലേക്ക് എത്തിക്കാൻ കോലിക്കാകുമോ. 18-ാം നമ്പർ ജേഴ്സിക്കാരന് 18-ാം സീസണ്‍ കാത്തുവെച്ചിരിക്കുന്നത് കാവ്യനീതിയോ. ചിന്നസ്വാമി കാത്തിരിക്കുന്നു ആ നിമിഷത്തിനായി.