ഇന്ത്യയിലെ ശരാശരി പ്രതിമാസ ഡാറ്റ ഉപയോഗം 27.5 ജിബിയിൽ എത്തി, 5 ജി ട്രാഫിക് മൂന്നുമടങ്ങ് കൂടി

ദില്ലി: ഇന്‍റർനെറ്റ് ഡാറ്റ ഉപഭോഗത്തിൽ തുടർച്ചയായി പുതിയ റെക്കോർഡുകൾ സൃഷ്‍ടിക്കുകയാണ് ഇന്ത്യ. 2024-ൽ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം ഒരു ഉപയോക്താവിന് 27.5 ജിബി ആയി എന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19.5% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ഇത് പ്രതിഫലിപ്പിക്കുന്നു. റെസിഡൻഷ്യൽ, ബിസിനസ് മേഖലകളിൽ ഡാറ്റ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വളർച്ചയ്ക്ക് 5ജി സാങ്കേതികവിദ്യയും ഫിക്സഡ് വയർലെസ് ആക്സസും (FWA) പ്രധാന സംഭാവന നൽകുന്നതായി കണക്കാക്കപ്പെടുന്നു.

നോക്കിയയുടെ മൊബൈൽ ബ്രോഡ്‌ബാൻഡ് ഇൻഡക്‌സ് (എംബിഐടി) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ പ്രതിമാസ 5ജി ഡാറ്റാ ട്രാഫിക് മൂന്ന് മടങ്ങ് വർദ്ധിച്ചു. 2026-ന്‍റെ ആദ്യ പാദത്തോടെ 5ജി ഡാറ്റാ ഉപഭോഗം 4ജിയെ മറികടക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നു. 5ജി ഡാറ്റാ ഉപയോഗത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് കാറ്റഗറി ബി, സി സർക്കിളുകളിലാണ്. അവിടെ ഡാറ്റാ ഉപഭോഗം യഥാക്രമം 3.4 മടങ്ങും 3.2 മടങ്ങും വർദ്ധിച്ചു.

5ജി ഫിക്സഡ് വയർലെസ് ആക്‌സസിന്‍റെ (FWA) തുടർച്ചയായ വളർച്ച ഡാറ്റ ഉപയോഗ വളർച്ചയ്ക്ക് കാരണമാകുന്നു. എഫ്‍ഡബ്ല്യുഎ ഉപയോക്താക്കൾ ഇപ്പോൾ ശരാശരി മൊബൈൽ ഡാറ്റ ഉപയോക്താവിനേക്കാൾ 12 മടങ്ങ് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നു, റെസിഡൻഷ്യൽ, ബിസിനസ് മേഖലകളിലെ പുതിയ സേവനങ്ങൾ ഇതിന് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

2023-ൽ 20 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത്, മെട്രോ നഗരങ്ങളിലെ 5ജി ഡാറ്റ ഉപയോഗം ഇപ്പോൾ മൊത്തം മൊബൈൽ ബ്രോഡ്‌ബാൻഡ് ഡാറ്റയുടെ 43% എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ കാലയളവിൽ, 4ജി ഡാറ്റ വളർച്ച കുറഞ്ഞു, ഇത് ഉപഭോക്താക്കൾ വേഗതയേറിയതും മികച്ചതുമായ കണക്റ്റിവിറ്റിക്ക് 5ജി ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു.

ഇന്ത്യയിൽ 5ജി ഉപകരണങ്ങളുടെ എണ്ണം വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ആകുമ്പോഴേക്കും സജീവമായ 5ജി ഡിവൈസുകൾ 271 ദശലക്ഷമായി ഉയരും. പ്രതിവർഷം ഇരട്ടി വർദ്ധനവാണിത്. തുടർന്നുള്ള വർഷങ്ങളിൽ, 2025 ആകുമ്പോഴേക്കും ഏകദേശം 90% സ്മാർട്ട്‌ഫോണുകളിലും 5ജി ലഭ്യമാകുന്നതിനാൽ ഈ എണ്ണം ഇനിയും വർദ്ധിക്കും.

ഇന്ത്യയിൽ 5ജി നൂതന സാങ്കേതികവിദ്യയുടെ വികാസം 6ജി നെറ്റ്‌വർക്കുകൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വരും വർഷങ്ങളിൽ ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് മികച്ച കണക്ഷനുകൾ നൽകുന്ന 6ജി-യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടെലികമ്മ്യൂണിക്കേഷൻ ദാതാക്കൾ ഇതിനകം തന്നെ നിക്ഷേപം നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ട്. ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്‍ടിക്കുകയും 6ജി ഉൾപ്പെടെയുള്ള ഭാവി സാങ്കേതികവിദ്യകൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന 5ജി അഡ്വാൻസ്‍ഡിലേക്കുള്ള പരിണാമത്തെയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

Read more: ഒപ്പോ റെനോ13 പുതിയ നിറത്തിൽ പുറത്തിറങ്ങി; ഇന്ത്യയിലെ വിലയും ഓഫറുകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin