‘അന്ന് മോളെല്ലാം തുറന്ന് പറഞ്ഞു, നടപടി എടുത്തിരുന്നെങ്കിൽ ജീവനോടെ ഉണ്ടായേനേ’; പൊലീസിനെതിരെ ഷിബിലയുടെ പിതാവ്

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍  കൊല്ലപ്പെട്ട ഷിബില നേരിട്ടത് ക്രൂര പീഡനമാണെന്നും പൊലീസ് നടപടി എടുത്തെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ്. പ്രതി യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് അവ​ഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകി നാലു ദിവസത്തിനു ശേഷം പൊലീസ് ഒത്തു തീർപ്പിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് ഇടപെടലുകൾ ഒന്നും ഉണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു.

യാസിറിന്‍റെ ലഹരി ഉപയോഗം ഉൾപ്പെടെ പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. മദ്യപിച്ചു വന്നാൽ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകൾ പലവട്ടം പറഞ്ഞതാണ്. ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും യാസിറും സുഹൃത്തുക്കൾ ആയിരുന്നുവെന്നും പോലീസുകാരോട് പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല. അന്ന് പൊലീസ് നടപടി എടുത്തിരുന്നു എങ്കിൽ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകുമെന്ന് പിതാവ് വ്യക്തമാക്കി. 

ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്‍റെ സുഹൃത്താണ് യാസിർ എന്നറിഞ്ഞ ഷിബില ഭയപ്പെട്ടിരുന്നു. തന്‌റെ മകൾ കൊല്ലപ്പെട്ടതിൽ ഉത്തരവാദി യാസിറിന്‍റെ മാതാപിതാക്കളെന്നും ഷിബിലയുടെ പിതാവ് ആരോപിച്ചു. പ്രശ്ന പരിഹാരത്തിനു യാസിറിന്റെ മാതാപിതാക്കൾ തയാറായില്ല. സംഭവം നടന്ന അന്ന് രണ്ട് കത്തിയുമായി ആണ് യാസിർ വീട്ടിൽ വന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ അവൻ ഞങ്ങളേയും കൊല്ലും. യാസിർ ഒരു ദിവസം രാത്രി അവന്‍റെ വീട്ടിലേക്ക് ഞങ്ങളെ വിളിച്ചിരുന്നതായി ഷിബിലയുടെ പിതാവ് പറയുന്നു. അവിടെ നിൽക്കാൻ താത്പര്യം ഇല്ലെന്ന് ഷിബില തങ്ങളെ അറിയിച്ചിരുന്നു. മകൾ അവിടെ നിന്ന് തന്നെ കെട്ടിപിടിച്ച് കരഞ്ഞു. തുടർന്നാണ് മകളെ കൂട്ടി വീട്ടിൽ വന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Read More : ഷിബില കൊലപാതകം; യാസിർ കയ്യിലെപ്പോഴും കത്തി കരുതിയിരുന്നു, ജീവൻ അപകടത്തിലാകും എന്ന തിരിച്ചറിവിൽ പോന്നു, സഹോദരി
 

By admin