അഞ്ഞൂറോ ആയിരമോ തവണയല്ല, അതുക്കും മേലെ! ടെലിവിഷന്‍ സംപ്രേഷണത്തില്‍ റെക്കോര്‍ഡുമായി ആ ചിത്രം

ഇന്‍റര്‍നെറ്റ് ജനകീയമാകുന്നതിനും ഒടിടിയുടെ കടന്നുവരവിനും മുന്‍പ് സിനിമകളുടെ ജനപ്രീതി അളക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് ടെലിവിഷനിലെ അതിന്‍റെ സ്വീകാര്യത ആയിരുന്നു. റേറ്റിംഗ് കുറവ് ലഭിക്കുന്ന ചിത്രങ്ങള്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ താല്‍പര്യം കാണിക്കില്ല എന്നതിനാല്‍ നിരന്തരം ടിവിയില്‍ എത്തുന്ന ചിത്രങ്ങള്‍ ജനപ്രീതിയില്‍ മുന്നിലാണെന്ന് ഉറപ്പിക്കാമായിരുന്നു. മലയാളത്തിലും ഒരുപിടി ചിത്രങ്ങള്‍ അത്തരത്തിലുണ്ട്. ഇപ്പോഴിതാ ടെലിവിഷനിലെ ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ ഒരു തെലുങ്ക് ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

തെലുങ്കില്‍ ഏറെ ആരാധകരുള്ള താരം മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അത്തടു എന്ന ചിത്രമാണ് അത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2005 ല്‍ ആയിരുന്നു. എന്നാല്‍ റിലീസ് സമയത്ത് ആവറേജ് പ്രതികരണം നേടിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ പോകപ്പോകെ ടെലിവിഷന്‍ സംപ്രേഷണങ്ങളിലൂടെ ചിത്രം ജനപ്രീതിയിലേക്ക് ഉയര്‍ന്നു. ടിവിയില്‍ തുടര്‍ച്ചയായി വരാനും തുടങ്ങി. സ്റ്റാര്‍ മാ ചാനലില്‍ 1500 തവണയില്‍ അധികമാണ് ഈ ചിത്രം ഇതുവരെ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുള്ളത്. അതും ഏറെയും ഞായറാഴ്ച പ്രൈം ടൈമില്‍. തെലുങ്ക് സിനിമയില്‍ റെക്കോര്‍ഡ് ആണ് ഇത്.

തൃഷ നായികയായ ചിത്രത്തില്‍ പ്രകാശ് രാജ്, സോനു സൂദ്, സയാജി ഷിന്‍ഡെ, കോട്ട ശ്രീനിവാസ റാവു, രാഹുല്‍ ദേവ്, നാസര്‍, സുനില്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയഭേരി ആര്‍ട്സ് ആയിരുന്നു നിര്‍മ്മാണം. അതേസമയം സ്വന്തം കരിയറിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ സംവിധാനം എസ് എസ് രാജമൗലിയാണ്.

ALSO READ : പ്രശാന്ത് മുരളി നായകന്‍; ‘കരുതൽ’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin