സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ അഴിമതി, കർണാടക സർക്കാരിനെതിരെ 7500 കോടിയുടെ ആരോപണവുമായി ബിജെപി
ബെംഗളൂരു: സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ കർണാടക സർക്കാർ 7500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി ബിജെപി. കരാർ മീറ്റർ നിർമ്മാതാവിന് നൽകുന്നതിന് പകരം വിതരണക്കാരന് നൽകിയത് മൂലം മീറ്ററിന്റെ വില കൂടിയെന്നാണ് ആരോപണം. ബിജെപി എംഎൽഎ സിഎൻ അശ്വത് നാരായൺ കരാർ റദ്ദാക്കി അന്വേഷണം നടത്തണമെന്നാണ് വ്യാഴാഴ്ച നിയമസഭയിൽ ആവശ്യപ്പെട്ടത്.
ബഡ്ജറ്റ് ചർച്ചയ്ക്കിടയിലാണ് ബിജെപി ഗുരുതര ആരോപണം ഉയർത്തിയത്. 39 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിൽ വലിയ അഴിമതി നടന്നുവെന്നാണ് ആരോപണം. സ്മാർട്ട് മീറ്ററിന്റെ സോഫ്റ്റ്വെയർ സാങ്കേതിക വിദ്യയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത് കരിമ്പട്ടികയിൽ പെട്ട കമ്പനിയാണെന്നും ബിജെപി ആരോപിക്കുന്നത്. താൽക്കാലിക കണക്ഷൻ വാങ്ങുന്നവർക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കിയെന്നുമാണ് ആരോപണം. സ്മാർട്ട് മീറ്ററുകൾ താൽക്കാലിക കണക്ഷനുകൾ എടുക്കുന്നവർക്ക് മാത്രം നിർബന്ധമാണ് എന്ന് കർണാടക വൈദ്യുതി വകുപ്പ് റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശങ്ങൾ വ്യക്തമാക്കുമ്പോഴാണ് ഇതെന്നുമാണ് ബിജെപി ആരോപണം.
നിലവിലെ എല്ലാ മീറ്ററുകളും സ്മാർട്ട് മീറ്ററുകൾ ആക്കിയ ശേഷമായിരിക്കണം പുതിയതായി വരുന്ന സാധാരണ കണക്ഷനുകൾക്ക് സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കാവൂ എന്നാണ് കേന്ദ്ര വൈദ്യുത അതോറിറ്റിയും വ്യക്തമാക്കുന്നത്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് താൽക്കാലിക കണക്ഷന് മാത്രമാണ് നിർബന്ധമെന്നും പുതിയ കണക്ഷനുകൾക്ക് അത് ഓപ്ഷണൽ ആണെന്നും വ്യക്തമാക്കുന്ന കോൾ അറ്റൻഷൻ നോട്ടീസിന് രണ്ട് ദിവസം മുമ്പ് രേഖാമൂലം മറുപടി നൽകിയിരുന്നുവെന്നാണ് ഊർജ്ജമന്ത്രി കെ ജെ ജോർജ്ജ് വിശദമാക്കിയത്. വെള്ളിയാഴ്ച വിഷയം പരിശോധിച്ച് വിശദമായ മറുപടി നൽകുമെന്നും സോഫ്റ്റ്‌വെയർ കമ്പനി കരിമ്പട്ടികയിൽ ഉൾപ്പട്ടവയാണെങ്കിൽ കരാർ റദ്ദാക്കാൻ തയ്യാറാണെന്നും കെ ജെ ജോർജ്ജ് സഭയിൽ വ്യക്തമാക്കി.