സിസിടിവി കാമറയിൽ വളർത്തുനായയെ പിടിക്കുന്ന ദൃശ്യം, അജ്ഞാത ജീവിയെ തിരിച്ചറിഞ്ഞത് വനംവകുപ്പ്, പുലിക്ക് കെണിയെത്തി
തൃശൂർ: വളര്‍ത്തുനായയെ പിടികൂടിയ പുലിക്ക് കെണിയൊരുക്കാനായി പുലിക്കൂട് കൊണ്ടുവന്നു. ചിറങ്ങര മംഗലശ്ശേരിയിലാണ് കൂട് എത്തിച്ചിരിക്കുന്നത്. കോതമംഗലത്ത് നിന്നും ലോറി മാര്‍ഗമെത്തിച്ച കൂടി ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിവച്ചു.
കൂട്ടില്‍ ഇരയെയിട്ട് കൂട് സജ്ജമാക്കാണമെങ്കില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. ഇതിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും പുലി സാന്നിധ്യം കണ്ടെത്താനായില്ല. നേരത്തെ വനംവകുപ്പ് നാല് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇതിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. എന്നാല്‍ പുലിയെ പലയിടത്തായും കണ്ടതായി നാട്ടുകാരില്‍ പലരും പറയുന്നുണ്ട്. പുലി പേടിയില്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണിവിടത്തുകാര്‍ക്ക്. ഇക്കഴിഞ്ഞ 14ന് ചിറങ്ങര ധനേഷിന്റെ വീട്ടുമുറ്റത്ത് നിന്നും അജ്ഞാത ജീവി വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പുലിയെ പിടകൂടാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.