ശക്തിയേക്കാള്‍ ദൗർബല്യങ്ങള്‍, സഞ്ജുവിന്റെ രാജസ്ഥാന് പഞ്ചുണ്ടോ?
ബട്ട്ലറിനെ കൈവിട്ടു ബോള്‍ട്ടും അശ്വിനും ചഹലും പോയി, ഇനി നമ്മുടെ സഞ്ജു എന്ത് ചെയ്യും. ഇങ്ങനെ ചിന്തിക്കാത്ത മലയാളി ക്രിക്കറ്റ് ആരാധകരുണ്ടാകുമോ, ഇല്ലെന്ന് തന്നെ പറയാം. സൈലന്റായി വന്ന് കപ്പടിച്ച പാരമ്പ്യമുള്ള ടീമാണ് രാജസ്ഥാൻ. മറ്റ് ടീമുകളുടെ ഇലവനുമായി തട്ടിച്ചു നോല്‍ക്കുമ്പോള്‍ അത്ര ശക്തരല്ലെന്ന് തോന്നിയേക്കാം. സഞ്ജുവിന്റെ പരുക്കുമുതല്‍ ചില താരങ്ങളുടെ ഫോം വരെയുണ്ട് തലവേദനയായി. രാജസ്ഥാൻ റോയല്‍സിന്റെ ശക്തിയും ദൗര്‍ബല്യവും എന്താണ്?
വിദേശ താരങ്ങളെ ഒരുപാട് ആശ്രയിക്കാത്തൊരു ബാറ്റിങ് നിര. പേരുകള്‍ പരിശോധിച്ചാല്‍ ഷിമ്രോണ്‍ ഹെറ്റ്മെയർ മാത്രമാണ് പട്ടികയിലെ ഏക വിദേശതാരം. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേരുന്ന ഓപ്പണിങ് കൂട്ടുകെട്ട്. മെല്ലെത്തുടങ്ങി കത്തിക്കയറുന്ന തനതുശൈലി ഉപേക്ഷിച്ചിരിക്കുന്നു സഞ്ജു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചുറികള്‍ എടുത്തുനോക്കിയാല്‍ അറിയാം അത്. കഴിഞ്ഞ സീസണില്‍ 531 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പക്ഷേ, ഇംഗ്ലണ്ടിനെതിരെ കൈക്കേറ്റ പരുക്ക് വില്ലനാണ്. ആദ്യ മത്സരങ്ങളില്‍ നായകന്റെ കളത്തിലെ അഭാവം റിയാൻ പരാഗിലൂടെ നികത്താൻ കഴിയുമോയെന്നാണ് സംശയം.
ഒന്നാം പന്തുമുതല്‍ ഡിസ്ട്രക്ടീവ് മൂഡിലാണ് ജയ്സ്വാള്‍. പവർപ്ലേയിലെ ജയ്സ്വാളിന്റെ സ്ട്രൈക്ക് റേറ്റ് 150നടുത്താണ്. കഴിഞ്ഞ സീസണില്‍ 435 റണ്‍സും നേടി, നിലവിലെ ഫോമും ശൈലിയും നോക്കിയാല്‍ ജയ്സ്വാളിന്റെ ബാറ്റ് നിരാശപ്പെടുത്തില്ലെന്ന് വേണം കരുതാൻ. നിതീഷ് റാണ, റിയാൻ പരാഗ്, ദ്രുവ് ജൂറല്‍ എന്നിവർ ചേരുന്നതാണ് മധ്യനിര.
തലതാഴ്ത്തി നടന്ന സീസണുകള്‍ക്ക് 2024 ഓടെ തിരശീലയിട്ടു പരാഗ്. ടൂർണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു പരാഗ്. രാജസ്ഥാൻ തന്നില്‍ നിരന്തരം അർപ്പിച്ച വിശ്വാസം കാത്ത സീസണ്‍. മധ്യനിരയിലെ എഞ്ജിൻ പരാഗിന് തന്നെയാകും.
കഴിഞ്ഞ ഐപിഎല്ലില്‍ കേവലം രണ്ട് കളികളില്‍ മാത്രമായിരുന്നു നിതീഷ് കളത്തിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ പോയ 10 മത്സരങ്ങളില്‍ ഒരിക്കല്‍ പോലും തന്റെ സ്കോർ 20 കടത്താൻ നിതീഷിനായിട്ടില്ല. പക്ഷേ, ഐപിഎല്ലില്‍ ഒൻപത് സീസണിന്റെ പരിചയസമ്പത്ത് നിതീഷിന്റെ ബാറ്റിനുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരവ് ലക്ഷ്യമിട്ടായിരിക്കും പിങ്ക് ജേഴ്സി താരം അണിയുക.
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ കിട്ടിയ രണ്ടവസരത്തിലും ജൂറല്‍ നിരാശപ്പെടുത്തിയിരുന്നു. ഒറ്റക്ക സ്കോറിന്റെ നാണക്കേടുണ്ട് കൂട്ട്. എന്നാല്‍, അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള മികവ് ജൂറലിനുണ്ട്.
മധ്യനിരയിലെ ഈ വിള്ളലുകള്‍ക്ക് പരിഹാരം കാണേണ്ടി വരുന്നത് ഷിമ്രോണ്‍ ഹെറ്റ്മെയർക്കായിരിക്കും. മോശം ഫോമില്‍ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് ഹെറ്റ്മെയര്‍. ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തില്‍ നേടിയ അർധസെഞ്ചുറി താരത്തിന്റെ ബാറ്റിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം.
ഒരുപ്രോപ്പർ ഓള്‍റൌണ്ടർ ഇല്ല എന്നതുതന്നെയാണ് രാജസ്ഥാന്റെ പ്രധാന പോരായ്മ. വനിന്ദു ഹസരങ്ക എന്ന പേരിന് മുകളിലെ തലവാചകം ഓള്‍ റൗണ്ടർ എന്നാണെങ്കിലും അത് തെളിയിക്കാൻ ഐപിഎല്ലില്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും താരത്തിനായിട്ടില്ല. 2022ല്‍ ബെംഗളൂരുവിനായി നേടിയ 26 വിക്കറ്റുകള്‍ക്കപ്പുറം ഓർത്തുവെക്കാൻ ഹസരങ്കയുടെ പക്കലില്ല. പരുക്കില്‍ നിന്നാണ് ഹസരങ്കയുടേയും മടങ്ങിവരവ്.
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവാണ് രാജസ്ഥാൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒന്ന്. ബോള്‍ട്ടിന് പകരംവെക്കാനുള്ള മികവ് ആർച്ചർ പുറത്തെടുത്തേ മതിയാകു. പവര്‍പ്ലേയിലെ ബോള്‍ട്ട് എഫക്ട് രാജസ്ഥാൻ മിസ് ചെയ്യുമെന്ന് തീര്‍ച്ചയാണ്. പേസർമാരുടെ ഒരു നീണ്ട നിരതന്നെ സഞ്ജുവിന്റെ പടയിലുണ്ട്. ആർച്ചറിന് പുറമെ സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാള്‍, ഫസല്‍ഹഖ് ഫറൂഖി, ക്വേന മപാക്ക എന്നിങ്ങനെ നീളുന്നു പട്ടിക.
ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി സന്ദീപിനെയാണ് പലപ്പോഴും സഞ്ജു സമീപിച്ച് കണ്ടിട്ടുള്ളത്. അതുകൊണ്ട് മറ്റുള്ളവർക്കായിരിക്കും മധ്യഓവറുകളുടെ ചുമതല. എല്ലാവരും വിക്കറ്റ് വീഴ്‌ത്താൻ കെല്‍പ്പുള്ളവരാണെങ്കിലും റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്കില്ലാത്തവരാണ്. കൃത്യതയാർന്ന ബൗളിങ് നിർണായകമാകും.
മൂന്ന് വിദേശതാരങ്ങളെ ബൗളിങ്ങില്‍ ഉള്‍പ്പെടുത്താമെന്ന ഓപ്ഷൻ സഞ്ജുവിന് മുന്നിലുണ്ട്. മതീഷ തീക്ഷണയാണ് രണ്ടാം സ്പിന്നറായി ടീമിലുള്ളത്. വൈഭവ് സൂര്യവംശി എന്ന 13കാരന്റെ ബാറ്റിലൊളിപ്പിച്ചിരിക്കുന്നതെന്താണെന്നും ആകാംഷയോടെ കാത്തിരിക്കാം. എല്ലാത്തിനുമുകളിലായി ദ്രാവിഡിന്റെ തന്ത്രങ്ങളും സഞ്ജുവിനൊപ്പമുണ്ട്. രാജസ്ഥാന്റെ ഒന്നരപതിറ്റാണ്ടുനീണ്ട കിരീടവരള്‍ച്ച സഞ്ജു അവസാനിപ്പിക്കുമോയെന്ന് കാണാം.