വ്യോമയാന ചരിത്രത്തിലെ വലിയ നിഗൂഢത; 239 പേരുമായി കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ 600 കോടി

ക്വലാലംപൂർ: 2014ൽ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്‍റെ തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനം. ടെക്സസ് ആസ്ഥാനമായുള്ള മറൈൻ റോബോട്ടിക്സ് കമ്പനിക്ക് മലേഷ്യൻ സർക്കാർ അന്തിമ അനുമതി നൽകി. അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിക്ക് 70 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) നൽകൂ. 2018ൽ നിർത്തിയ തെരച്ചിലാണ് പുനരാരംഭിക്കുന്നത്. 

2014 മാർച്ച് എട്ടിനാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയർലൈന്‍സിന്‍റെ എംഎച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായത്. പല നിഗമനങ്ങളുമുണ്ടായി. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകർന്ന് വീണു എന്നതായിരുന്നു ഒരു നിഗമനം. പക്ഷേ അവശിഷ്ടത്തിന്‍റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരുടെ കുടുംബങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും അതിനാലാണ് തെരച്ചിൽ പുനരാരംഭിക്കുന്നതെന്നും മലേഷ്യൻ ഗതാഗത മന്ത്രി ആന്‍റണി ലോക് പറഞ്ഞു.

ക്വലാലംപൂരിൽ നിന്ന് പറന്നുയർന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370മായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ആഫ്രിക്കന്‍ തീരത്തേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്കും ഒഴുകിപ്പോയിരിക്കാമെന്ന് അഭിപ്രായമുയർന്നു. 2018ലാണ് അവസാനമായി വിമാനത്തിനായി തെരച്ചില്‍ നടത്തിയത്. അന്ന് തിരച്ചില്‍‌ നടത്തിയ ഓഷ്യൻ ഇൻഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തെരച്ചിലിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വീണ്ടും തെരച്ചിൽ നടത്താനുള്ള മലേഷ്യന്‍ സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തെ അന്ന് കാണാതായവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു. 

വിമാനത്തിലുണ്ടായിരുന്ന 150 ഓളം പേർ ചൈനക്കാരായിരുന്നു. ഒപ്പം 50 മലേഷ്യക്കാരും ഉണ്ടായിരുന്നു. ഫ്രാൻസ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഇന്ത്യ, അമേരിക്ക, യുക്രൈൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും കാണാതായവരുടെ കൂട്ടത്തിലുണ്ട്.

യൂസർ ഫീ കുത്തനെ കൂട്ടാൻ നിർദേശവുമായി എംഐഎഎൽ; മുംബൈ വിമാനത്താവളത്തിൽ നിന്ന് പറക്കാൻ ചെലവേറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin