വെറും 7 സെക്കൻഡിനുള്ളിൽ ഹൃദ്രോഗങ്ങൾ കണ്ടെത്താം; എഐ ആപ്പുമായി 14 വയസ്സുകാരൻ സിദ്ധാർത്ഥ്

ഹൈദരാബാദ്: ഏഴ് സെക്കൻഡിനുള്ളിൽ ഹൃദ്രോഗങ്ങൾ കണ്ടെത്താൻ കഴിയുന്ന ആപ്പ് വികസിപ്പിച്ച് 14കാരൻ വിദ്യാർത്ഥി. എൻആർഐ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് നന്ദ്യാലയാണ് ‘സിർക്കാഡിയ വി’ എന്ന എഐ ആപ്പ് വികസിപ്പിച്ചത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ ക്ഷണം സ്വീകരിച്ച് ആപ്പിനെയും അതിന്‍റെ സവിശേഷതകളെയും കുറിച്ചുള്ള ചർച്ചയ്ക്കായി സിദ്ധാർത്ഥ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. 

വിപ്ലവകരമായ കണ്ടുപിടിത്തമെന്ന് ചന്ദ്രബാബു നായിഡു സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തുന്നത് ഈ 14 വയസ്സുകാരൻ എളുപ്പമാക്കി. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എഐ സർട്ടിഫൈഡ് പ്രൊഫഷണലായ സിദ്ധാർത്ഥ് നന്ദ്യാലയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സിദ്ധാർത്ഥ് ഒറാക്കിൾ, എആർഎം എന്നിവയിൽ നിന്ന് സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ടെന്നും നായിഡു കുറിച്ചു. 

സ്മാർട്ട്‌ഫോണിന്‍റെ സഹായത്തോടെ ഹൃദയ ശബ്‌ദ റെക്കോർഡിംഗുകൾ ഉപയോഗിച്ചാണ് ഈ എഐ ആപ്പ് പ്രവർത്തിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു വിശദീകരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തെ കണ്ടെത്താം എന്നതാണ് ആപ്പിന്‍റെ സവിശേഷത. 96 ശതമാനം കൃത്യതയോടെ, അമേരിക്കയിലെ 15,000-ത്തിലധികം രോഗികളിലും ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിൽ ഉൾപ്പെടെ ഇന്ത്യയിലെ 700 രോഗികളിലും ആപ്പ് പരീക്ഷിച്ചു കഴിഞ്ഞു. മനുഷ്യർക്ക് പ്രയോജനപ്പെടും വിധത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സിദ്ധാർത്ഥിന്‍റെ അസാധാരണ കഴിവും സമർപ്പണവും തന്നെ വളരെയധികം ആകർഷിച്ചെന്ന് നായിഡു കുറിച്ചു. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനുള്ള സിദ്ധാർത്ഥിന്‍റെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നായിഡു ഉറപ്പ് നൽകി. 

സിദ്ധാർത്ഥിന്‍റെ അച്ഛൻ മഹേഷ് അനന്തപുർ സ്വദേശിയാണ്. 2010ലാണ് അമേരിക്കയിലേക്ക് താമസം മാറിയത്. സിദ്ധാർത്ഥ് മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ ആരോഗ്യ മന്ത്രി സത്യ കുമാർ യാദവ് ഒപ്പമുണ്ടായിരുന്നു. സ്റ്റെം ഐടി സ്ഥാപകനും സിഇഒയുമാണ് സിദ്ധാർത്ഥ്. വിദ്യാർത്ഥികൾക്ക് കോഡിംഗ്, റോബോട്ടിക്സ്, എഐ എന്നിവയിൽ പരിജ്ഞാനം നൽകുക എന്നതാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. 

മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ച് ആന്ധ്ര സർക്കാർ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin