റിഷഭ് പന്തിന് കീഴില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്! വരുന്നത് കരുത്തുറ്റ ടീമുമായി

ലഖ്‌നൗ: ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യംവച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പതിനെട്ടാം ഐപിഎല്‍ സീസണിന് ഒരുങ്ങുന്നത്. പുതിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ നേതൃത്വത്തില്‍ കരുത്തുറ്റ ടീമുമായാണ് ലഖ്‌നൗ എത്തുന്നത്. കന്നികിരീടം തേടി ലഖ്‌നൗ ഇത് നാലാം സീസണിനാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് സീസണിലും പ്ലേ ഓഫില്‍ കടക്കാനും ടീമിന് സാധിച്ചിരുന്നു. കെ എല്‍ രാഹുല്‍ ഇല്ലാത്ത ലഖ്‌നൗ പ്രതീക്ഷകളെല്ലാം റിഷഭ് പന്തിലാണ്. പന്തിനായി 27 കോടി മുടക്കി ടീം. കരുത്തേകാന്‍ വിദേശ ബാറ്റര്‍മാര്‍. പരിക്ക് അലട്ടുന്ന ലഖ്‌നൗവിന് തന്ത്രങ്ങള്‍ മെനയാന്‍ സഹീര്‍ ഖാന്‍.

ഐപിഎല്‍ പതിനെട്ടാം സീസണിലേക്ക് കടക്കുമ്പോള്‍ കൂട്ടത്തിലെ ജൂനിയറാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇത് നാലാം സീസണ്‍. ആദ്യ രണ്ട് സീസണുകളിലും പ്ലേ ഓഫിലെത്തി ആരാധകരെ ഞ്ഞെട്ടിച്ചു. എന്നാല്‍ 2024 സീസണില്‍ കണക്കു കൂട്ടല്‍ തെറ്റി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലുമായി ടീം ഉടമ കൊമ്പുകോര്‍ത്തത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. വിവാദങ്ങള്‍ക്കൊടുവില്‍ ടീമിന്റെ നെടുംതൂണായിരുന്ന രാഹുലിനെ മാനേജ്‌മെന്റ് കൈവിട്ടു. ഡല്‍ഹിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ലഖ്‌നൗവിലെത്തിച്ചു.

ഐപിഎല്‍ കാണാന്‍ കൂടുതല്‍ സൗകര്യങ്ങള്‍! കൊച്ചിയിലും പാലക്കാടും ഫാന്‍ പാര്‍ക്കുകള്‍

പന്തിനെ ക്യാപ്റ്റനാക്കിയപ്പോള്‍ ടീം ഈ സീസണില്‍ നിലനിര്‍ത്തിയത് 5 താരങ്ങളെ. നിക്കോളാസ് പുരാന്‍, മായങ്ക് യാദവ്, രവി ബിഷ്‌ണോയി, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബധോനി. ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്താന്‍ ലഖ്‌നൗവിന്റെ ആയുധപുരയില്‍ അസ്ത്രങ്ങള്‍ ഏറെയുണ്ട്. പന്തിനൊപ്പം മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, നിക്കോളാസ് പുരാന്‍, ആയുഷ് ബധോനി, ഷഹബാസ് അഹമ്മദ്. എതിരാളികള്‍ കരുതിയിരിക്കണം ലഖ്‌നൗവിനെ. ബൗളിംഗില്‍ ഇന്ത്യന്‍ താരങ്ങളെ ആശ്രയിച്ചാണ് ലഖ്‌നൗവിന്റെ ആസൂത്രണം. 

പ്രധാന പേസര്‍മാരായി ആവേശ് ഖാന്‍, മായങ്ക് യാഥവ്, ആകാശ് ദീപ്, മൊഹ്‌സിന്‍ ഖാന്‍, ഷമാര്‍ ജോസഫ്. സ്‌പെഷലിസ്റ്റ് സിപിന്നര്‍മാരായി രവി ബിഷ്‌ണോയും ഷഹബാസ് അഹമ്മദും. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ ആര്യന്‍ ജുയല്‍, ഹിമത് സിംഗ്, യുവരാജ് ചൗധരി, പ്രിന്‍സ് യാദവ് ലഖ്‌നൗവിന്റെ യുവനിരയുമുണ്ട്. വമ്പന്‍ താരനിരയുണ്ടെങ്കിലും പലര്‍ക്കും പരിക്ക് അലട്ടുന്നത് ടീമിന് തലവേദനയാകും. മിച്ചല്‍ മാര്‍ഷ്, മായങ്ക് യാദവ് എന്നിവര്‍ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ല. ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറിനൊപ്പം തന്ത്രങ്ങള്‍ മെനയുന്നത് ടീം മെന്റര്‍ സഹീര്‍ ഖാന്‍. 24ന് മുന്‍ നായകന്‍ കെ.എല്‍ രാഹുലിന്റെ ഡല്‍ഹിക്കെതിരെയാണ് ലഖ്‌നൗവിന്റെ ആദ്യ മത്സരമെന്നതും ശ്രദ്ധേയം.

By admin