യാത്രക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം; റൺവേയാണെന്ന് കരുതി ടാക്സിവേയിലേക്ക് കയറി, ഉടനടി ടേക്ക് ഓഫ് റദ്ദാക്കി
ഫ്ലോറിഡ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ സൗത്ത് വെസ്റ്റ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. അമേരിക്കന്‍ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ചയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്.
വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30നാണ് സൗത്ത് വെസ്റ്റ് 3278 വിമാനത്തിന്‍റെ ടേക്ക് ഓഫ്, എയര്‍ ട്രാഫിക് കൺട്രോളര്‍ റദ്ദാക്കിയത്. വിമാനം പുറപ്പെടേണ്ട റൺവേക്ക് സമാന്തരമായുള്ള ടാക്സിവേയില്‍ നിന്ന് വിമാനം ടേക്ക് ഓഫിന് ഒരുങ്ങിയതോടെയാണ് യാത്ര റദ്ദാക്കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ടെര്‍മിനലിനും റൺവേക്കും ഇടയില്‍ വിമാനങ്ങള്‍ മാറ്റുന്നതിനായി പൈലറ്റുമാര്‍ ഉപയോഗിക്കുന്ന പാതയാണ് ടാക്സിവേ എന്ന് അറിയപ്പെടുന്നത്.
Read Also – പ്രവാസികൾക്കിത് ശുഭ പ്രതീക്ഷ, ഇന്ത്യ – യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും
സൗത്ത് വെസ്റ്റിന്‍റെ ബോയിങ് 737-800 വിമാനം ടാക്സിവേയിൽ സുരക്ഷിതമായി നിര്‍ത്തിയിടുകയും തുടര്‍ന്ന് ഗേറ്റിലേക്ക് വിമാനം മടങ്ങുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.