മുരുഗദോസിന്‍റെ തുറന്നുപറച്ചിൽ: സൂപ്പർതാര ചിത്രങ്ങളില്‍ തിരക്കഥയോട് 100 ശതമാനം കൂറ് പുലര്‍ത്താന്‍ പറ്റില്ല

ചെന്നൈ: ആമിർ ഖാനെ നായകനാക്കി ഗജിനിയിൽ സംവിധാനം ചെയ്ത തമിഴിലെ സൂപ്പര്‍ സംവിധായകന്‍ എ.ആർ. മുരുഗദോസ് ഇപ്പോൾ സൽമാൻ ഖാനുമായി സഹകരിക്കുന്ന സിക്കന്ദറിന്‍റെ റിലീസ് ഒരുക്കത്തിലാണ്. ഒരു സൂപ്പർസ്റ്റാറിനൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ ഒരു ചലച്ചിത്രകാരന് തിരക്കഥയോട് പൂർണ്ണമായും സത്യസന്ധത പുലർത്താൻ കഴിയില്ലെന്നും ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ പ്രമോഷനിടെ പറയുകയാണ് മുരുഗദോസ്.

എന്നും സൂപ്പര്‍താരങ്ങളെ വച്ച് പടങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മുരുഗദോസ്. രജനീകാന്ത് (ദർബാർ), വിജയ് (സർക്കാർ, കത്തി, തുപ്പാക്കി), സൂര്യ (ഗജിനി), അജിത് കുമാർ (ധീന), മഹേഷ് ബാബു (സ്പൈഡർ), ചിരഞ്ജീവി (സ്റ്റാലിൻ) എന്നിവരുൾപ്പെടെ തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങൾക്കൊപ്പവും മുരുഗദോസ് പ്രവർത്തിച്ചിട്ടുണ്ട്.

ഒരു സൂപ്പർസ്റ്റാറിനെ വെച്ച് ഒരു സാധാരണ സിനിമ നിർമ്മിക്കുക എന്നൊരു ഓപ്ഷൻ ഇല്ലെന്ന് മുരുഗദോസ് പറഞ്ഞു. കാരണം ആരാധകരെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും സിനിമയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. “സൂപ്പർസ്റ്റാറുകളോടൊപ്പം പ്രവർത്തിക്കുമ്പോൾ, നിങ്ങൾക്ക് തിരക്കഥയോട് 100 ശതമാനം സത്യസന്ധത പുലർത്താൻ കഴിയില്ല. പ്രേക്ഷകർക്കും ആരാധകവൃന്ദത്തിനും വേണ്ടി നമ്മൾ വിട്ടുവീഴ്ച ചെയ്യണം. ഒരു സംവിധായകൻ എന്ന നിലയിൽ 100 ​​ശതമാനം ആത്മാർത്ഥത പുലർത്താൻ ഞങ്ങൾക്ക് കഴിയില്ല. ആരാധകരെ തൃപ്തിപ്പെടുത്തുകയും അവരെക്കുറിച്ച് ചിന്തിക്കുകയും വേണം. ആ മേഖല ശരിക്കും ബുദ്ധിമുട്ടാണ്” മുരുഗദോസ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താൻ സഹകരിച്ചിട്ടുള്ള സൂപ്പർസ്റ്റാറുകൾ “ആത്മാർത്ഥതയുള്ളവരും” അവരുടെ ആരാധകവൃന്ദത്തോട് വളരെയധികം വിശ്വസ്തയുള്ളവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അവർ തങ്ങളുടെ താരപദവി വളരെ ശക്തമായി നിലനിർത്താൻ ആഗ്രഹിക്കുന്നു, അത് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു, അത് വളരണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനാൽ, നമ്മൾ അവരിൽ നിന്ന് പഠിക്കേണ്ടതുണ്ട്.” മുരുഗദോസ് പറയുന്നു. 

സൽമാനുമായുള്ള ആദ്യപടമായ സിക്കന്ദർ സംബന്ധിച്ച് ഈ പടം സല്‍മാന്‍റെ കടുത്ത ആരാധകർക്കായി നിർമ്മിച്ചതാണെന്ന് മുരുഗദോസ് പറഞ്ഞു. “എന്നിരുന്നാലും, ഈ ചിത്രം സൽമാൻ സാറിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന് ചില സവിശേഷതകളുണ്ട്. ഗജിനിയിലെന്നപോലെ, മനോഹരമായ ഒരു പ്രണയകഥ ഇതിലുണ്ട്” ചിത്രത്തെക്കുറിച്ച് മുരുഗദോസ് പറഞ്ഞു.

താരമായിരിക്കുമ്പോഴും മണ്ണിലാഴ്ത്തിവെച്ച കാലുകള്‍, 60 വയസ്സുള്ള ഒരു ‘യുവാവിന്റെ’ സിനിമ ജീവിതം

ബജറ്റ് 200 കോടി, റിലീസിന് മുന്‍പേ ‘സേഫ്’ ആയി നിർമ്മാതാവ്; ഒടിടി, ടിവി റൈറ്റ്സില്‍ വന്‍ നേട്ടവുമായി ‘സിക്കന്ദർ’

By admin