മണൽക്കൂനകളുടെ ആകൃതി മാറുന്നതോടെ ഭൂപ്രകൃതി മാറും, കണ്ടെത്തിയത് 5000 വർഷം പഴക്കമുള്ള നാഗരികതയുടെ അവശേഷിപ്പ്
അബുദാബി: ദശാബ്ദങ്ങളായിട്ടില്ലെങ്കിലും വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു ചർച്ചാ വിഷയമാണ്. ഓരോ മേഖലകളിലും എങ്ങനെയൊക്കെ എഐ ഉപയോഗ പ്രദമാക്കാം എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. ഇപ്പോഴിതാ ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്താനും ഭാവിയിൽ വിപ്ലവമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയിലെ മണൽക്കൂനകൾക്കടിയിൽ നിന്നും 5000 വർഷം പഴക്കമുള്ള നാഗരികതയുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുകയാണ്. അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
ജിയോസയൻസ് പ്രസിദ്ധീകരിച്ച പഠനപ്രകാരം, റബ് അൽ ഖാലി മരുഭൂമിയിലുള്ള സറൂഖ് അൽ ഹദീദ് പുരാവസ്തു മേഖലയിൽ നിന്നുമാണ് 5,000 വർഷം പഴക്കം ചെന്ന നാഗരികതയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് അപ്പർച്ചർ റഡാർ അല്ലെങ്കിൽ എസ്എആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗവേഷക സംഘം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപഗ്രഹ ഇമേജറിയും സമന്വയിപ്പിച്ചാണ് പ്രദേശം കണ്ടെത്തിയിരിക്കുന്നത്. അറേബ്യൻ പെനിൻസുലയിൽ 2,50,000 മൈലുകൾ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് റബ് അൽ ഖാലി. തുടർച്ചയായ മരുഭൂ പ്രദേശമായതിനാൽ പുരാവസ്തു ഗവേഷണം നടത്തുന്നത് സങ്കീർണമാണ്. മണൽക്കൂനകളുടെ പാറ്റേണുകൾ അനുസരിച്ച് ഇവിടുത്തെ ഭൂപ്രകൃതിയും മാറിക്കൊണ്ടിരിക്കും. പുരാവസ്തു സർവേയിൽ സാധാരണയായി നടത്തുന്ന പ്രാരംഭ ഘട്ടങ്ങൾക്കു പോലും മരുഭൂമിയുടെ ഈ ഒരു സവിശേഷത വെല്ലുവിളികൾ ഉയർത്താറുണ്ട്.
രാജ്യത്തിന്റെ ഭൂരിഭാഗവും മരുഭൂമിയാണ്. അതുകൊണ്ടുതന്നെ മണൽക്കൂനകൾക്കടിയിലേക്ക് ആഴത്തിലുള്ള പരിശോധനകൾ പ്രയാസമേറിയതാണെന്ന് ഖലീഫ സർവകലാശാലയിലെ പരിസ്ഥിതി, ജിയോഫിസിക്കൽ സയൻസസ് ലാബ് മേധാവി ഡയാന ഫ്രാൻസിസ് പറയുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഉപഗ്രഹ ഡാറ്റ സഹായകമായത്. പിന്നീട് മണലിനടിയിലെ കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപഗ്രഹ ഇമേജറിയും സമന്വയിപ്പിച്ചു. തുടർന്നാണ് മണൽക്കൂനകൾക്കടിയിലെ ദൃശ്യങ്ങളുടെ ത്രിമാന മോഡലുകൾ കൂടി ലഭ്യമായത്. പ്രദേശത്തെ പുരാവസ്തു മേഖലകളുടെ മേൽനോട്ട ചുമതലയുള്ള സർക്കാർ ഏജൻസിയായ ദുബൈ കൾച്ചർ ഇവിടെ ഖനനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. അറബ് മേഖലയിലെ പുരാവസ്തു കണ്ടെത്തലുകളിൽ വലിയ സംഭാവന തന്നെയാകും ഇതെന്ന് ഡയാന ഫ്രാൻസിസ് പറഞ്ഞു.
read more: 31 വർഷം മുമ്പ് ജോലി തേടിയെത്തിയ അറബ് മണ്ണ്; പിന്നെ നാട്ടിലേക്ക് പോയിട്ടില്ല, ഒടുവിൽ മടക്കം ഇങ്ങനെ