മക്കയിൽ കനത്ത മഴ, റെഡ് അലർട്ട്, മഴയുടെ സുന്ദര ദൃശ്യങ്ങൾ പകർത്തി ഹറമുകളിലെത്തിയ തീർത്ഥാടകർ

മക്ക: സൗദി അറേബ്യയിൽ കനത്ത മഴ. മക്ക, മദീന തുടങ്ങി രാജ്യത്തിന്റെ നിരവധി ഭാ​ഗങ്ങളിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. തുടർന്ന് മക്കയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റമദാന്റെ അവസാന പത്തു ദിവസം ആരംഭിച്ചതിനാൽ നിരവധി തീർത്ഥാടകരും വിശ്വാസികളുമാണ് മക്ക ഹറമിൽ എത്തിയത്. ഹറമിൽ പെയ്യുന്ന മഴയുടെ സുന്ദര ദൃശ്യങ്ങൾ സന്ദർശകർ അവരുടെ ഫോണുകളിൽ പകർത്തി. ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 

കോരിച്ചൊരിയുന്ന മഴയിലും തീർത്ഥാടകരെല്ലാം ഉംറ കർമങ്ങൾ ഭാം​ഗിയായി തടസ്സങ്ങളില്ലാതെ നിർവഹിച്ചു. റമദാന്റെ അവസാന പത്തു ദിവസങ്ങളിൽ സന്ദർശകരുടെ ഒഴുക്ക് കണക്കിലെടുത്ത് നിരവധി സൗകര്യങ്ങൾ ഇരുഹറമുകളുടെയും ജനറൽ അതോറിറ്റി ഒരുക്കിയിരുന്നു. പ്രതികൂല സാഹചര്യത്തെ തുടർന്ന് ഹറമുകളിലെത്തുന്ന തീർത്ഥാടകർക്ക് ജാ​ഗ്രതാ നിർദേശം നൽകിയിരുന്നു. ശക്തമായ കാറ്റ്, മോശം ദൃശ്യപരത, ആലിപ്പഴ വർഷം, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുടെ സാധ്യത കണക്കിലെടുത്താണ് ജാ​ഗ്രത നിർദേശം നൽകിയിരുന്നത്.    

മക്ക മേഖലയിലെ ജിദ്ദ സിറ്റിയിലുള്ള ജാമിയയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 24.8 മി.മി. ഞായറാഴ്ച വരെയും സൗദിയിലെ മിക്കയിടങ്ങളിലും കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗത്തിൽ മണൽക്കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുമെന്നും ഉയർന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മക്ക, മദീന മേഖലകളിൽ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ മേഖലകളിലും കിഴക്കൻ പ്രവിശ്യകളിലും മഴയുണ്ടാകും. കൂടാതെ, ഖാസിം, റിയാദിന്റെ പല ഭാ​ഗങ്ങൾ എന്നിവിടങ്ങളിലും ഇടത്തരം മുതൽ ശക്തിയേറിയ മഴ വരെ അനുഭവപ്പെടാനും സാധ്യതയുണ്ട്. അൽ ബഹ, അസിർ, നജ് രാൻ, ജസാൻ എന്നിവിടങ്ങളിലും മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകും. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

read more: ‘ഖിയാം’ പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മോസ്‌ക് ഒരുങ്ങി; രാത്രി നമസ്കാരത്തിന് ആയിരക്കണക്കിന് പേർ പങ്കെടുക്കും
 

By admin