ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ല; മദ്രാസ് ഹൈക്കോടതി

സ്ത്രീയും പുരുഷനും രണ്ട് തരം നീതിയെന്നതാണ് സമൂഹത്തിന്‍റെ പൊതുകാഴ്ചപ്പാട്. അതുകൊണ്ടാണ് പുരുഷന്മാര്‍ ചെയ്യുന്ന പലതും സ്ത്രീകൾ ചെയ്താല്‍ അത് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതും.  അശ്ലീല ചിത്രങ്ങൾക്ക് അടിമയായ ഭാര്യയില്‍ നിന്നും വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ പരാതി തീർപ്പാക്കവെ, ഭാര്യ അശ്ലീല വീഡിയോകൾ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹ മോചനം അനുവദിക്കാനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടി നിരീക്ഷിച്ചു. വിവാഹ മോചനം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥന്‍, ആര്‍ പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി എഴുതിയത്.

ഭാര്യ പണം ധൂര്‍ത്ത് അടിക്കുകയാണെന്നും അശ്ലീല ചിത്രങ്ങൾക്ക് അടിമയും സ്വയം ഭോഗം ചെയ്യാറുണ്ടെന്നും ആരോപിച്ച ഭര്‍ത്താവ് ഭാര്യയുടെ ക്രൂരതകൾ കാരണം തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ദീർഘനേരം ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യ വീട്ടുജോലികൾ ചെയ്യാറില്ല. മാത്രമല്ല, തന്‍റെ അച്ഛനമ്മമാരോട് വളരെ മോശമായാണ് പെരുമാറാറുള്ളതെന്നും യുവാവ് ഹര്‍ജിയില്‍ ആരോപിച്ചു. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി യുവാവിന്‍റെ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങൾ ഭാര്യയുടെ ക്രൂരത തെളിയിക്കുന്നില്ലെന്നും അശ്ലീല വീഡിയോകൾ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, വിവാഹ ശേഷവും ഒരു സ്ത്രീ വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധം തുടരുകയാണെങ്കില്‍ അത് വിവാഹമോചനത്തിന് കാരണമാകും. പക്ഷേ, സ്വയംഭോഗം ചെയ്യുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയായി കാണാനാകില്ല. 

Read More: ഒരുമിച്ച് ജീവിക്കാൻ ദിവസം 5,000, വിവാഹ മോചനത്തിന് 45 ലക്ഷം; ഭാര്യയുടെ ശല്യം സഹിക്കവയ്യാതെ പരാതിയുമായി ഭർത്താവ്

അശ്ലീല വീഡിയോകളോടുള്ള അമിതമായ ആസക്തി മോശമായ കാര്യമാണ്. ധാര്‍മ്മികമായി അതിനെ ന്യായീകരിക്കാനാകില്ല. എന്നാല്‍, അത് വിവാഹ മോചനത്തിനുള്ള ഒരു കാര്യമായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യമായി ഇത്തരം വീഡിയോകൾ ഒരു വ്യക്തി കാണുന്നതിനെ കുറ്റകരമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം കഴിച്ചെന്ന് കരുതി സ്ത്രീകൾ അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറവയ്ക്കുന്നില്ലെന്നും സ്ത്രീകൾക്കും സ്വയംഭോഗം ചെയ്യാനുള്ള അവകാശമുണ്ടെന്നും സ്വയം ആനന്ദം കണ്ടെത്തുന്നത് കുറ്റകൃത്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാര്‍ സ്വയംഭോഗം ചെയ്യുന്നത് അംഗീകരിക്കപ്പെടുന്നിടത്ത് സ്ത്രീകൾ അതേ പ്രവര്‍ത്തി ചെയ്താല്‍ അതിനെ തെറ്റായി കാണാനാകില്ല. വിവാഹം എന്നത് ഒരു സ്ത്രീയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വം ഒരാളുടെ പങ്കാളി എന്ന പദവിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

Read More: ഉപഭോക്തൃ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതെങ്ങനെ, വിലാസങ്ങള്‍, പോംവഴികള്‍, പരിഹാരമാര്‍ഗങ്ങള്‍

By admin