ഭാര്യാപിതാവ് ഹമാസ് സർക്കാരിലെ മുൻ മന്ത്രി, ഭാര്യ ഗാസയിൽ നിന്ന്, ബദർ ഖാൻ സുരിയെ നാടുകടത്തുന്നത് തടഞ്ഞ് കോടതി
ലൂസിയാന: ഹമാസ് ആശയപ്രചാരണം നടത്തിയെന്ന പേരിൽ അമേരിക്കയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ഗവേഷകനായ ഇന്ത്യക്കാരനെ നാടുകടത്തുന്നത് തടഞ്ഞ് കോടതി. അമേരിക്കയിലെ ജോർജ്‍ടൗൺ സർവ്വകലാശാലയിലെ ഗവേഷകനായ ബദർ ഖാൻ സുരിയെ മറ്റൊരു ഉത്തരവ് വരുന്നത് വരെ നാടുകടത്തരുതെന്നാണ് യുഎസ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. ഹമാസ് ബന്ധമാരോപിച്ച് ഇന്ത്യൻ ഗവേഷകൻ അറസ്റ്റിലായി ഒരു ദിവസത്തിന് ശേഷമാണ് കോടതി വിധിയെത്തുന്നത്.
ലൂസിയാനയിലെ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലാണ് ബദർ ഖാൻ സുരിയെ താമസിപ്പിച്ചിട്ടുള്ളത്. ബദർ ഖാൻ സുരിയുടെ കുടുംബ ബന്ധമാണ് നിലവിലെ നടപടിക്ക് പിന്നിലെന്നാണ് യുവാവ് ആരോപിക്കുന്നത്. ഭാര്യയുടെ പലസ്തീൻ ബന്ധത്തിന്റെ പേരിലാണ് ബദർ ഖാൻ സുരിയെ കസ്റ്റഡിയിലെടുത്തതെന്നാണ് കോടതിയിൽ ഗവേഷകന്റെ ഭാര്യ വിശദമാക്കിയത്. ഭരണഘടന അനുവദിക്കുന്ന സംവദിക്കാനുള്ള സ്വാതന്ത്രത്തിൽ കവിഞ്ഞൊന്നും താൻ ചെയ്തിട്ടില്ലെന്നും ബദർ ഖാൻ സുരി കോടതിയിൽ വിശദമാക്കി. വിർജീനിയയിലെ ഈസ്റ്റേൺ ജില്ലാ കോടതി ജഡ്ജ് പട്രീഷ്യ ടോളിവർ ഗിൽസിന്റേതാണ് ഉത്തരവ്.
വിദ്യാർത്ഥി വിസയിൽ അമേരിക്കയിലെത്തിയതാണ് ബദർ ഖാൻ സുരി. ബദർ ഖാൻ സുരി ഏതെങ്കിലും തരത്തിൽ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അറിവില്ലെന്നാണ് സർവ്വകലാശാല വക്താക്കളും വിശദമാക്കുന്നത്. ഗാസയില്‍ നിന്നുള്ള മഫാസ് അഹമ്മദ് യൂസഫ് ആണ് സുരിയുടെ ഭാര്യ. 2014 ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. 2020 ന് ശേഷമാണ് ഇരുവരും അമേരിക്കയിലേക്ക് എത്തുന്നത്. 2014ൽ ദില്ലിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഗ്രീന്‍ കാര്‍ഡ് ഉടമ കൂടിയാണ് സുരി. ജോർജ്ജ്ടൗൺ സര്‍വകലാശാലയിലെ അൽവലീദ് സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പീസ് ആന്‍ഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിൽ ഇറാഖിലും അഫ്ഗാനിസ്ഥാനിലും സമാധാന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് സുരിയുടെ ഗവേഷണം.
മഫാസിന്റെ പിതാവ് അഹമ്മദ് യൂസഫ് നേരത്തെ ഹമാസ് സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് തര്‍ക്ക പരിഹാരത്തിനുള്ള ഹൗസ് ഓഫ് വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചുമതലക്കാരനായിരുന്നു അഹമ്മദ് യൂസഫ്. ഹമാസിന്‍റെ ഉപദേഷ്ഠാവായ ഒരു തീവ്രവാദിയുമായി ബദർ ഖാൻ സുരിക്ക് ബന്ധമുണ്ടെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്‍ഡ് സെക്രട്ടറി ട്രീസിയ മക്ലാഫ്ലിൻ ആരോപിക്കുന്നത്. എന്നാൽ രണ്ട് തവണ മാത്രമാണ് ബദർ ഖാൻ സുരി ഭാര്യാപിതാവിനെ കണ്ടിട്ടുള്ളതെന്നാണ് മഫാസ് കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
‘ലെജൻഡ് അക്വാരിസിൽ 106 കിലോ മെത്ത്’, ഇന്തോനേഷ്യയിൽ 3 ഇന്ത്യക്കാർക്ക് വധശിക്ഷ, റിപ്പോർട്ട്
അമേരിക്കയിൽ രണ്ട് ദശാബ്ദത്തോളം പിതാവ് താമസിച്ചിരുന്നുവെന്നും അമേരിക്കയിലാണ് താൻ ജനിച്ചതെന്നും അഞ്ചാം വയസിലാണ് ഗാസയിലേക്ക് എത്തിയതെന്നും മഫാസ് സത്യവാങ്മൂലത്തിൽ വിശദമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.