പരാഗ് അല്ല, സഞ്ജുവിന് പകരം ക്യാപ്റ്റനാവേണ്ടിയിരുന്നത് ജയ്സ്വാള്‍, ഇത് നെപ്പോട്ടിസമെന്ന് ആരാധകര്‍

ജയ്പൂർ: ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് നായകനായി തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ നായകന്‍ സഞ്ജു സാംസണ് കൈവിരലിന് പരിക്കേറ്റതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗിനെ നായകനായി പ്രഖ്യാപിച്ചത്. തനിക്ക് പകരം നായകരാവാന്‍ യോഗ്യരായ നിരവധി താരങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു സഞ്ജു റിയാന്‍ പരാഗ് ആയിരിക്കും ആദ്യ മൂന്ന് കളികളില്‍ രാജസ്ഥാനെ നയിക്കുകയെന്നും താന്‍ ബാറ്ററായി മാത്രമായിട്ടായിരിക്കും ഇറങ്ങുകയെന്നും ഇന്നലെ ടീം മീറ്റിംഗില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ റിയാന്‍ പരാഗിനെക്കാള്‍ രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളാണെന്ന നിലപാടിലാണ് ഒരു വിഭാഗം ആരാധകര്‍. പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസത്തിന് ഉദാഹരണമാണെന്നും ജയ്സ്വാള്‍ എത്രയും വേഗം നല്ലൊരു പിആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ കരിയര്‍ തന്നെ അപകടത്തിലാകുമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കഴിഞ്ഞ സീസണിലൊഴികെ മുന്‍ സീസണിലുകളിലെല്ലാം മോശം പ്രകടനം നടത്തിയ പരാഗിനെ രാജസ്ഥാന്‍ കോടികള്‍ കൊടുത്ത് നിലനിര്‍ത്തിയതും ആരാധകര്‍ ചൂണ്ടിക്കാട്ടി. നല്ലൊരു പിആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ ജയ്സ്വാളിന്‍റെ കരിയര്‍ പൂജാരയുടെ ടെസ്റ്റ് കരിയര്‍ പോലെയും ശീഖര്‍ ധവാന്‍റെ വൈറ്റ് ബോള്‍ കരിയര്‍ പോലെയും അവസാനിക്കേണ്ടിവരുമെന്നും കരിയറില്‍ രക്ഷപ്പെടണണമെങ്കില്‍ ജയ്സ്വാള്‍ ആസാം റോയല്‍സ് വിടേണ്ടിവരുമെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍റെ ടോപ് സ്കോററായിരുന്നു റിയാന്‍ പരാഗ്. 16 മത്സരങ്ങളില്‍ 52 റണ്‍സ് ശരാശരിയില്‍ 573 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. അതേസമയം, ജയ്സ്വാള്‍ 435 റണ്‍സാണ് ഓപ്പണറെന്ന നിലയില്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ കഴിഞ്ഞ സീസണില്‍ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin