ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ വണ്ടര്‍ ക്യാച്ചുമായി ഞെട്ടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ അത്ഭുത ക്യാച്ചുമായി അമ്പരപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ പറന്നു പിടിച്ചാണ് ഹാരിസ് റൗഫ് അമ്പരപ്പിച്ചത്.

കാലിനെ ലക്ഷ്യമാക്കി വന്ന അഫ്രീദിയുടെ ഇന്‍സ്വിംഗര്‍ ഫിന്‍ അലന്‍ ഫൈന്‍ ലെഗ്ഗിലേക്ക് തിരിച്ചുവിട്ടെങ്കിലും പറന്നുവീണ ഹാരിസ് റൗഫ് ഒറ്റക്കൈയില്‍ ക്യാച്ച് കൈയിലൊതുക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിന്‍ അലന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മത്സരത്തില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റൗഫ് ബൗളിംഗിലും തിളങ്ങി.

പാകിസ്ഥാനെതിരെ തകര്‍ത്തടിച്ച് വീണ്ടും കിവീസ്; മൂന്നാം ടി20യിലും കൂറ്റന്‍ വിജയലക്ഷ്യം

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ക്ക് ചാപ്മാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 19.5 ഓവറില്‍ 204 റണ്‍സെടുത്തു. 44 പന്തില്‍ 94 റണ്‍സടിച്ച ചാപ്‌മാനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ചാപ്‌മാന് പുറമെ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്.  അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ പാകിസ്ഥാന് ഈ മത്സരം കൂടി തോറ്റാല്‍ പരമ്പര കൈവിടും.

ആദ്യ ടി2യില്‍ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റിന് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങി. ചാമ്പ്യൻസ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് പാകിസ്ഥാന്‍ ഇറങ്ങിയത്. 29 വര്‍ഷത്തിനുശേഷം ഐസിസി ടൂര്‍ണമെന്‍റിന് ആതിഥേയരായ പാകിസ്ഥാന്‍ ചാമ്പ്യൻസ് ട്രോഫിയില്‍ ഒരു മത്സരം പോലും ജയിക്കാതെ പുറത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin