തീ അണയ്ക്കാന്‍ വന്ന ഫയര്‍ഫോഴ്സ് കണ്ടെടുത്തത് നോട്ടുകെട്ടുകള്‍; ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്ക് പണികിട്ടി

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി.  ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു.സ്ഥലത്തെത്തി തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

നോട്ടുകെട്ടുകള്‍ കണക്കില്‍ പെടാത്തതാണ് എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. 2014 ലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്. പിന്നീട് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു. 

യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയെ അറിയിക്കുകയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍  ഉടന്‍ സുപ്രീം കോടതി കൊളീജിയം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. യശ്വന്ത് വര്‍മ്മയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആദ്യം ചെയ്യുന്നത് ആരോപണ വിധേയനായ ആളോട് വിശദീകരണം തേടുകയാണ്. ശേഷം മൂന്ന് പേര്‍ അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും. ഈ സമിതിയില്‍ ഒരു സുപ്രീം കോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ജഡ്ജിമാരുമാണ് അംഗങ്ങളായി ഉണ്ടാവുക. കുറ്റംതെളിയിക്കപ്പെട്ടാല്‍ ജഡ്ജിയെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നത് പാര്‍ലമെന്‍റാണ്.

Read More:വിവാദ നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി; പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടുന്നത് ബലാത്സംഗ ശ്രമമായി കാണാനാകില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin