ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച; വീണയുടെ വിശദീകരണത്തിൽ അടിമുടി അവ്യക്തത, ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി മന്ത്രി
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതിൽ വീണ ജോർജിന്‍റെ വിശദീകരണത്തിൽ അടിമുടി അവ്യക്തത. 19ന് ഉച്ചക്ക് ഇ -മെയിൽ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ, 18ന് അയച്ച കത്തായിരുന്നു ഇന്നലെ ദില്ലിയിൽ മന്ത്രി പുറത്തുവിട്ടത്. അനുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ പഴിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ആരോഗ്യമന്ത്രി.
ക്യൂബൻ പ്രതിനിധി സംഘത്തെ കാണുന്നതിനെക്കുറിച്ചല്ല, കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ആശമാരുടെ പ്രശ്നത്തെക്കുറിച്ചുമാണ് ദില്ലിയിലേയ്ക്ക് പുറപ്പെടും മുമ്പ് വിമാനത്താവളത്തിൽ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞത്. ആശമാരുടെ നിരാഹാര സമരദിവസത്തെ ദില്ലി യാത്രയും അതിനു മുമ്പുള്ള ഈ പ്രതികരണവും പ്രശ്ന പരിഹാരത്തിനുള്ള യാത്രയെന്ന പ്രതീതയുണ്ടാക്കി. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് അനുമതിയുണ്ടോയെന്ന് ദില്ലിയിൽ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുതൽ ഉരുണ്ടുകളി തുടങ്ങി.
ആശ പ്രശ്നം ചര്‍ച്ച ചെയ്യുകയല്ല, ക്യൂബൻ സംഘത്തെ കാണുകയാണ് ദില്ലി യാത്രയുടെ പ്രധാന ഉദ്ദേശ്യമെന്ന വിവരം പുറത്തുവന്നതോടെ സമരക്കാര്‍ മന്ത്രിക്കെതിരെ തിരിഞ്ഞു. ഇതോടെ മുൻകൂറായി അനുമതി തേടിയെന്ന് വരുത്താൻ 18ന് പ്രൈവറ്റ് സെക്രട്ടറി തയ്യാറാക്കിയ കത്ത് പുറത്തുവിട്ടു. ബുധനാഴ്ച റസിഡന്‍റ്സ് കമ്മീഷണര്‍ നൽകിയ കത്തും ഒപ്പം പുറത്തുവന്നു. എന്നാൽ, കിട്ടിയത് റസിഡന്‍റ് കമ്മീഷണറുടെ കത്ത് മാത്രമെന്ന് നദ്ദയുടെ ഓഫീസ് പറഞ്ഞതോടെ വിവാദം കനത്തു.
ഇതോടെ രാവിലെ തിരിച്ചെത്തിയ ആരോഗ്യമന്ത്രി മാധ്യമങ്ങളെയാണ് പഴിച്ചത്. പക്ഷേ 18ന് കത്ത് നൽകിയിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടിയും നൽകിയില്ല. മാധ്യമങ്ങളെ പഴിക്കാൻ ഉച്ചയ്ക്കുശേഷമിട്ട ഫേസ് ബുക്ക് പോസ്റ്റിലും കൂടിക്കാഴ്ചയ്ക്ക് 18ന് തന്നെ അനുമതി തേടിയെന്ന് വ്യക്തമാക്കുന്നില്ല. മാത്രവുമല്ല, അനുമതി തേടി ഇ- മെയിൽ അയച്ചത് 19ന് ഉച്ചയ്ക്കാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.അങ്ങനെയെങ്കിൽ 18 ലെ കത്ത് പുറത്തുവിട്ടത് എന്തിനാണെന്നും അതേക്കുറിച്ച് മന്ത്രി വിശദീകരിക്കാത്തതും അവ്യക്തമായി തുടരുകയാണ്.
കൈതപ്രം കൊലപാതകം: വെടിയുണ്ട രാധാകൃഷ്ണന്‍റെ ഹൃദയത്തിൽ തുളച്ചുകയറി, സന്തോഷ് എത്തിയത് കൊല്ലാനുറച്ച്