ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ട്വിസ്റ്റ്; വിശദീകരണവുമായി ഫയർഫോഴ്സ്

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവുമായി ദില്ലി ഫയർഫോഴ്സ് രംഗത്തെത്തി. ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് പ്രതികരിച്ചു. 15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്ന് വാർത്ത ഏജൻസിയോട് അതുൽ ഗാർഗ് വിശദീകരിച്ചു.

ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു അനൗദ്യോഗിക റിപ്പോർട്ട്. സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷകസംഘടന അയക്കം രംഗത്തെത്തിയിരുന്നു. സംഭവം ദില്ലി ഹൈക്കോടതിയിൽ ഉന്നയിച്ച് അഭിഭാഷകരോട് ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയ കോടതിയിൽ പറഞ്ഞു. പ്രതിഷേധങ്ങൾ ശക്തമായതോടെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കൂടിയായ യശ്വന്ത് വര്‍മ്മ നികുതി സംബന്ധമായ കേസുകളാണ് പരിഗണിക്കുന്നത്.

Also Read:  കണക്കിൽപ്പെടാത്ത പണം എങ്ങനെ വീട്ടിൽ വന്നു? ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതി

By admin