ഗില്ലിന് വേണം കിരീടം, ഗുജറാത്ത് ശെരിക്കും ടൈറ്റൻസാണോ?

കന്നി സീസണില്‍ കിരീടം, രണ്ടാം വട്ടം റണ്ണേഴ്സ് അപ്പ്, മൂന്നാം തവണ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎല്‍ ചരിത്രം. ഹാ‍ര്‍ദിക്ക് പാണ്ഡ്യ പടിയിറങ്ങി ശുഭ്മാൻ ഗില്‍ യുഗത്തിലാണ് ടൈറ്റൻസ് ഇപ്പോള്‍. ലോകോത്തര ബാറ്റ‍ര്‍മാ‍ര്‍, പേസ് നിര, ഓള്‍റൗണ്ട‍ര്‍മാരുടെ പട്ടിക, ഒരു ട്വന്റി 20 ടീമിന് അനിവാര്യമായ ചേരുവകകള്‍ എല്ലാം ഗുജറാത്തിനുണ്ട്. പക്ഷേ, രണ്ടാം കിരീടമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പോന്ന ടീമാണോ ഗുജറാത്ത്, ശക്തികളും ദൗ‍ര്‍ബല്യങ്ങളും സാധ്യതകളും പരിശോധിക്കാം.

ശുഭ്മാൻ ഗില്‍, ജോസ് ബട്ട്ല‍ര്‍, സായ് സുദര്‍ശൻ എന്നിവര്‍ ചേരുന്ന മുൻനിരയാണ് ഗുജറാത്തിന്റെ പ്രധാന ശക്തി. ലോക ഒന്നാം നമ്പ‍ര്‍ ഏകദിന ബാറ്ററുകൂടിയായ ഗില്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഐപിഎല്‍ എടുത്തുനോക്കിയാല്‍ എല്ലാ സീസണിലും ഗില്ലിന് നാനൂറിലധികം റണ്‍സ് നേടാനായിട്ടുണ്ട്. സ്ഥിരതയുടേയും സ്ട്രൈക്ക് റേറ്റിന്റെയും കാര്യത്തില്‍ ഗില്‍ മുന്നിലാണ്. സ്കോറിങ് വേഗകൂട്ടാൻ ഗില്ലിന്റെ ബാറ്റിന്റെ നിമിഷങ്ങള്‍ മാത്രം മതി.

നായകനൊപ്പം പരിചയസമ്പത്തുള്ള ബട്ട്ല‍ര്‍ വരുന്നു. ട്വന്റി 20 ക്രിക്കറ്റ് പരിശോധിച്ചാല്‍ അപകടകാരിയായ ബാറ്റര്‍മാരില്‍ മുൻപന്തിയിലാണ് ബട്ട്ലര്‍. ചാമ്പ്യൻസ് ട്രോഫിയുടെ ക്ഷീണം ബട്ട്ലറിന് അകറ്റേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെ ഗുജറാത്തിന്റെ ഏറ്റവും മികച്ച ബാറ്ററായിന്നു സായ്. 527 റണ്‍സ് നേടി 24കാരൻ പല മത്സരങ്ങളിലും ഗുജറാത്തിന്റെ രക്ഷകന്റെ കുപ്പായമണിഞ്ഞിരുന്നു. 

ഇന്ത്യൻ താരങ്ങളും ഗ്ലെൻ ഫിലിപ്സും ചേരുന്നതാണ് മധ്യനിര. ഷാരൂഖ് ഖാൻ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തേവാട്ടിയ എന്നിവരായിരിക്കും ഗ്ലെൻ ഫിലിപ്സിന് കൂട്ട്. ടോപ് ത്രീയില്‍ കൂടുതലായി ആശ്രയിക്കുന്ന ടീമാണ് ഗുജറാത്ത്. ഗില്ലും ബട്ട്ലറും സായിയും തിളങ്ങാതെ പോയാല്‍ എങ്ങനെ കരകയറുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഐപിഎല്ലില്‍ കൂറ്റൻ ഇന്നിങ്സുകള്‍ കളിച്ച ചരിത്രം മേല്‍പ്പറഞ്ഞ നിരയിലെ ആര്‍ക്കുമില്ലതാനും. അതുകൊണ്ട് ഒരു തകർച്ച ഉണ്ടായാല്‍ ഫിലിപ്സിനും സുന്ദറിനും ഉത്തരവാദിത്തം ഏറെയായിരിക്കും. മില്ലറിന്റെ വിടവും ഫിലിപ്സിന് നികത്തണം.

കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, ജെറാള്‍ഡ് കോറ്റ്സി എന്നിവരടങ്ങിയ പേസ് നിര. മറ്റേത് മൈതാനത്തേക്കാള്‍ ന്യൂബോള്‍ ബൗളര്‍മാര്‍ അപകടകാരികളാകുന്നത് അഹമ്മദാബാദിലാണ്. മുഹമ്മദ് ഷമി 2023 സീസണ്‍ അതിന് ഉത്തമ ഉദാഹരണമാണ്. അതുകൊണ്ട് റബാഡയും സിറാജും ന്യൂബോള്‍ കയ്യിലെത്താൻ കാത്തിരിക്കുന്നുണ്ടാകുമെന്ന് തീര്‍ച്ചയാണ്. 

രണ്ട് വ‍ര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലിലെത്തുന്നതെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികവ് പ്രസിദ്ധിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മധ്യ ഓവറുകളില്‍ നിരാശപ്പെടുത്താത്ത പ്രസിദ്ധിനൊപ്പം റാഷിദ് ഖാനുണ്ടാകും. 2024 സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ ഐപിഎല്ലില്‍ മറ്റെല്ലാ വര്‍ഷങ്ങളിലും റാഷീദ് തിളങ്ങിയിട്ടുണ്ട്. ഏത് വിക്കറ്റിലും ബാറ്റര്‍മാരെ കൂടാരം കയറ്റാൻ കെല്‍പ്പുള്ള ബൗളറാണ് റാഷീദ്. താരത്തിന്റെ ലെങ്ത് പിക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും അണ്‍പ്രഡിക്റ്റബിലിറ്റിയും കരുതിയിരിക്കുക. 

ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ഗുജറാത്തിന്റെ ഡെപ്ത്ത് കൂട്ടുന്നത്. സുന്ദര്‍, ഷാരൂഖ്, തേവാട്ടിയ, റഷീദ്, ഗ്ലെൻ ഫിലിപ്സ്, കരിം ജന്നത്ത് എന്നിങ്ങനെ നീളുന്നു പട്ടിക. ഓള്‍ ഇവരില്‍ മിക്കവരും ആദ്യ ഇലവനിലുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പാണ്. 

ദൗര്‍ബല്യം തന്നെയാണ് ഗുജറാത്തിന്റെ ഏറ്റവും വലിയ സാധ്യതയും. പരിചയസമ്പത്തിന്റെ കുറവുള്ള താരങ്ങള്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനും ക്രിക്കറ്റ് ഭൂപടത്തിലേക്ക് കാല്‍വെക്കാനും ഐപിഎല്ലോളം വലിയ പ്ലാറ്റ്ഫോം ഇല്ല. സായിയെ സംബന്ധിച്ച് ഇന്ത്യൻ ടീമിലേക്കുള്ള എൻട്രിയും ഉറപ്പിക്കാനുള്ള അവസരം കൂടിയാകും ഈ സീസണ്‍.

എല്ലാത്തിനും ഉപരിയായി ശുഭ്മാൻ ഗില്ലിന്റെ തന്റെ നായകമികവ് പുറത്തെടുക്കേണ്ടതും. നിലവില്‍ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗില്‍. ഭാവിയില്‍ ഇന്ത്യയെ നയിക്കാനുള്ള നറുക്ക് വീഴുന്നത് ഗില്ലിനായിരിക്കുമെന്നതിന്റെ സൂചനകൂടിയാണിത്. അതുകൊണ്ട് ഗുജറാത്തിനെ കുറഞ്ഞത് പ്ലെ ഓഫിലേക്ക് എത്തിക്കുകയെങ്കിലും വേണം ഗില്ലിന്. അല്ലെങ്കില്‍ നായകമികവ് ചോദ്യം ചെയ്യപ്പെടും.

By admin