കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; അമ്മക്കെതിരെ കേസെടുക്കും

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആൺ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കും. പീഡനത്തെ പറ്റി കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്ക്കെതിരെ പുതിയ കേസെടുക്കും. പീഡന അറിഞ്ഞിട്ടും ഇത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക.

കേസില്‍ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ ഇന്നലെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാൻഡിലാണ്. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. 

പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന്‍ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്. അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്.

By admin