കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കിയ മീറ്റര്‍ സ്കാം ആദ്യം നടന്നത് ആന്ധ്രയില്‍

അമരാവതി: സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്‍റെ പേരിൽ കർണാടകയില്‍ നടന്ന അഴിമതിക്ക് സമാനമായ അഴിമതി ആദ്യം നടന്നത്  ആന്ധ്രാപ്രദേശില്‍. ആന്ധ്രാപ്രദേശില്‍ 7,000 രൂപ വിലയുള്ള സിംഗിള്‍ഫേസ് മീറ്റര്‍ 36,000 രൂപയ്ക്കാണ് വിറ്റത്. മറ്റ് സംസ്ഥാനങ്ങള്‍ 4,000 രൂപയ്ക്ക് സ്മാര്‍ട്ട് മീറ്റര്‍ വാങ്ങുമ്പോള്‍ വൈസിപി ഗവണ്‍മെന്‍റ് 36,000 രൂപയാണ് ചിലവാക്കുന്നതെന്ന് ടിഡിപി നേതാവ് സോമി റെഡ്ഡി നേരത്തെ പറഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങിയതില്‍ 17,000 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്‍റെ പേരിൽ കർണാടക സർക്കാർ 7500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വാര്‍ത്ത ഏഷ്യാനെറ്റ് സുവർണ ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. കർണാടക സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഈ കണ്ടെത്തല്‍. ഇതിന് പിന്നാലെ കരാർ മീറ്റർ നിർമ്മാതാവിന് നൽകുന്നതിന് പകരം വിതരണക്കാരന് നൽകിയത് മൂലം മീറ്ററിന്‍റെ വില കൂടിയെയെന്നും അന്വേഷണം വേണമെന്നും ബിജെപി നിയമ സഭയിൽ ആവശ്യപ്പെട്ടു. കരാർ റദ്ദാക്കി അന്വേഷണം നടത്തണമെന്ന് ബിജെപി എംഎൽഎ സിഎൻ അശ്വത് നാരായണ്‍ നിയമസഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

സുവർണ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഇപ്രകാരമാണ്. സിംഗിൾ ഫേസ് മീറ്ററിന് പഴയ വില 950 രൂപ പുതിയ മീറ്ററിന് 4998 രൂപയാണ്. സിംഗിൾ ഫേസ് മീറ്റർ 2 ന് പഴയ വില 2400 രൂപ പുതിയ വില 9000 രൂപയും. ത്രീഫേസ് മീറ്ററിന് പഴയ വില 2500 രൂപയാണ്. പുതിയതിന് 28000 രൂപയും. മറ്റ് സംസ്ഥാനങ്ങളിൽ സ്മാർട്ട് മീറ്ററിന് 900 രൂപ സബ്സിഡി കേന്ദ്രം നൽകാറുണ്ട്. ഇത് നേരിട്ട് കരാറുകാർക്കാണ് ലഭ്യമാവുക.. ശേഷിച്ച തുക ഉപഭോക്താവിൽ നിന്ന് പത്ത് വർഷത്തേക്കായി ചെറു തുകകളായി ഈടാക്കുന്നതാണ് രീതി. എന്നാൽ കർണാടകയിൽ മീറ്ററിന് മുഴുവൻ തുകയായ 8510 രൂപയും സർക്കാർ നൽകുന്നു. ഇതിന് പുറമേ 71 രൂപ വീതം ഉപഭോക്താവ് അടയ്ക്കേണ്ടതായും വരുന്നുണ്ട്. കേന്ദ്രം നൽകുന്ന സബ്സിഡി തുക എവിടെ പോവുന്നുവെന്നാണ് ഉയരുന്ന ചോദ്യം. 

ബഡ്ജറ്റ് ചർച്ചയ്ക്കിടയിലായിരുന്നു ബിജെപി ഗുരുതര ആരോപണം ഉയർത്തിയത്. 39 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിൽ വലിയ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. സ്മാർട്ട് മീറ്ററിന്‍റെ സോഫ്റ്റ് വെയർ സാങ്കേതിക വിദ്യയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത് കരിമ്പട്ടികയിൽ പെട്ട കമ്പനിയാണെന്നും ബിജെപി ആരോപിക്കുന്നത്. താൽക്കാലിക കണക്ഷൻ വാങ്ങുന്നവർക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കിയെന്നുമാണ് ആരോപണം. സ്മാർട്ട് മീറ്ററുകൾ താൽക്കാലിക കണക്ഷനുകൾ എടുക്കുന്നവർക്ക് മാത്രം നിർബന്ധമാണ് എന്ന് കർണാടക വൈദ്യുതി വകുപ്പ് റെഗുലേറ്ററി കമ്മീഷന്‍റെ നിർദ്ദേശങ്ങൾ വ്യക്തമാക്കുമ്പോഴാണ് ഇതെന്നുമാണ് ബിജെപി ആരോപിച്ചിരുന്നത്. 

Read More:സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം, ബില്ല് പാസ്സാക്കി കർണാടക നിയമസഭ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin